മൂന്നാർ : പെട്ടിമുടി ദുരന്തമേഖലയിലെ രക്ഷാപ്രവർത്തനങ്ങൾക്ക് മൂന്നാർ പഞ്ചായത്ത് സെക്രട്ടറിക്ക് സംസ്ഥാന പഞ്ചായത്ത് വകുപ്പിന്റെ പ്രത്യേക പുരസ്കാരം. മൂന്നാർ പഞ്ചായത്ത് സെക്രട്ടറി ഡോ.വി.ആർ.അജിത്കുമാറാണ് വെള്ളിയാഴ്ച കോവളത്തുനടന്ന പഞ്ചായത്ത് ദിനാഘോഷത്തിൽ സർക്കാരിന്റെ പ്രത്യേക പുരസ്കാരം തദ്ദേശ സ്വയംഭരണ മന്ത്രി എ.സി.മൊയ്ദീനിൽനിന്നു ഏറ്റുവാങ്ങിയത്.
പെട്ടിമുടി ദുരന്തമുണ്ടായ ഓഗസ്റ്റ് ആറിന് തൊട്ടടുത്ത ദിവസം മുതൽ ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ദുരന്തമേഖലയിലെ രക്ഷാപ്രവർത്തകർക്കുള്ള ഭക്ഷണം, താമസസൗകര്യം, വാഹനസൗകര്യം എന്നിവ തയ്യാറാകുന്നതിൽ റവന്യൂവകുപ്പുമായി സഹകരിച്ച് പ്രവർത്തനങ്ങൾ നല്ലരീതിയിൽ നടത്തി.
കൂടാതെ ദുരന്തത്തിൽ കാണാതായവർക്കായുള്ള തിരച്ചിലിലും സെക്രട്ടറി സജീവമായിരുന്നു. ദുരന്തഭൂമിയിൽനിന്നു കിലോമീറ്ററുകൾ ഭൂരത്തുള്ള ഗ്രാവൽ ബാങ്ക്, സിമൻറ് പാലം എന്നിവടങ്ങളിൽനിന്നു ദിവസങ്ങൾക്കുശേഷം കണ്ടെത്തിയ മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർക്കൊപ്പം പുഴയിലൂടെ ചുമന്ന് റോഡിലെത്തിക്കുന്ന പ്രവർത്തനങ്ങളിലും സെക്രട്ടറി മുൻപന്തിയിലായിരുന്നു. ദുരന്തമേഖലയിലെ രക്ഷാപ്രവർത്തനമികവിന് മൂന്നാർ ജനതയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിലും സെക്രട്ടറിയെ ആദരിച്ചിരുന്നു.
ഹോമിയോ ഡോക്ടറായ അജിത്കുമാർ കഴിഞ്ഞ രണ്ടുവർഷമായി മൂന്നാർ പഞ്ചായത്ത് സെക്രട്ടറിയായി സേവനമനുഷ്ടിച്ചുവരികയാണ്. തിരുവനന്തപുരം കുമാരപുരം സ്വദേശിയാണ്.
മൂന്നാറിൽ ചാർജെടുത്തതുമുതൽ, ടൗണിലെ അനധികൃത പാർക്കിങ്, മാലിന്യങ്ങൾ വലിച്ചെറിയുന്നത്, വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യസംഭരണം, അനധികൃത നിർമാണങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ കർശന നടപടികളാണ് എടുത്തിട്ടുള്ളത്.
പത്തനംതിട്ട മൈലപ്ര ഗവ.ആയുർവേദ ആശുപത്രിയിലെ സീനിയർ മെഡിക്കൽ ഓഫീസർ ഡോ.അനിതയാണ് ഭാര്യ. അൻജിത് (മെഡിക്കൽ വിദ്യാർഥി), ആർദ്ര (എൻജിനീയറിങ് വിദ്യാർഥി) എന്നിവരാണ് മക്കൾ