നെടുങ്കണ്ടം : സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി ഡി.വൈ.എഫ്.ഐ. നെടുങ്കണ്ടം വെസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്നക്കവല ഗവ.ഹൈസ്കൂളും പരിസരവും വൃത്തിയാക്കി. ഒന്നരവർഷമായി അധ്യയനം നടക്കാത്തതിനാൽ സ്കൂൾ പരിസരമാകെ കാടുകയറിയ നിലയിലായിരുന്നു.

ക്ലാസുമുറികളും പൊടിനിറഞ്ഞ അവസ്ഥയിലായിരുന്നു. സ്കൂൾ പ്രഥമാധ്യാപകനായ കെ.കെ.യശോധരൻ പൂർവവിദ്യാർഥികളോട് സ്കൂൾ വൃത്തിയാക്കുന്നതിന് സഹായം അഭ്യർഥിച്ചിരുന്നു. ഇതേത്തുടർന്നാണ് വൃത്തിയാക്കൽ ജോലികൾ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ എറ്റെടുത്തത്. പ്രവർത്തനങ്ങൾക്ക് അധ്യാപകരായ ആശ, നിവ്യാ, സെബിൻ, ലാൽ, റോസ്‌മേരി എന്നിവർ മേൽനോട്ടം വഹിച്ചു.

ഡി.വൈ.എഫ്.ഐ.പ്രവർത്തകരായ മിലൻ ജേക്കബ്, എം.ആർ.ശ്രീജിത്ത്, ജിബിൻ ജോസഫ്, നിഖിൽ ബൈജു എന്നിവർ നേതൃത്വം നൽകി.