തൊടുപുഴ : ഇത്തവണത്തെ തിരഞ്ഞെടുപ്പിന് സംസ്ഥാനത്തെ മറ്റിടങ്ങളിൽ മറ്റെന്ത് വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടാലും ഇടുക്കിയെ സ്വാധീനിക്കുക ഭൂപ്രശ്നങ്ങളായിരിക്കും. ഇടുക്കിയിലെ ആറ് വില്ലേജുകളിലെ പട്ടയഭൂമിക്ക് മാത്രം ബാധകമായിരുന്ന ഭൂപതിവ് ചട്ടം സംസ്ഥാനത്തെ മറ്റിടങ്ങളിൽകൂടി നടപ്പാക്കണമെന്ന സുപ്രീം കോടതി ഉത്തരവ് വന്നതോടെ വിഷയത്തിന് പുതിയ മാനം കൈവന്നിരിക്കുകയാണ്.

ഇത് രാഷ്ട്രീയമായി ഉപയോഗിക്കാൻതന്നെയാണ് യു.ഡി.എഫ്. നീക്കം. ഭൂമിപ്രശ്നത്തിൽ സർക്കാരിന്റെ വീഴ്ചയ്‌ക്കെതിരേ രണ്ടും കൽപ്പിച്ചുള്ള ആക്രമണം തുടങ്ങിക്കഴിഞ്ഞു അവർ. കൂടുതൽ ഇടങ്ങളിൽ പട്ടയം നൽകിയതിന്റെ ക്രെഡിറ്റ് മുമ്പോട്ടുവെച്ച് പ്രതിരോധം തീർക്കാനാണ് ഇടതുപക്ഷത്തിന്റെ നീക്കം. ഇനിയും പട്ടയം കിട്ടാത്തയിടങ്ങളിൽ തിരഞ്ഞെടുപ്പ് ബഹിഷ്കരണ ഭീഷണികളും ഉയർന്നുകേൾക്കുന്നുണ്ട്.

1964-ലെ ഭൂപതിവ് ചട്ടമാണ് തിരഞ്ഞെടുപ്പിൽ ചർച്ചയാകുന്നത്. ഈ നിയമമനുസരിച്ച് പട്ടയഭൂമിയിൽ കൃഷിയും വീട് നിർമാണവും മാത്രമാണ് അനുവദനീയമായിട്ടുള്ളത്. എന്നാൽ, വർഷങ്ങൾക്കുശേഷം പട്ടയം ലഭിച്ച ഭൂമിയിൽ വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ചട്ടം നടപ്പാക്കേണ്ടിവന്നാൽ ഇടുക്കിയിലെ മാത്രമല്ല കേരളത്തിലെ പലയിടങ്ങളിലും വ്യാപാരസ്ഥാപനങ്ങളടക്കമുള്ള നിർമാണങ്ങൾ പൊളിച്ചുമാറ്റേണ്ടി വരും.

അതിനാൽ, 1964-ലെ ചട്ടം ഭേദഗതി ചെയ്യുക മാത്രമാണ് സർക്കാരിന് മുൻപിലുള്ള ഏക പോംവഴി. പക്ഷേ, അതിന് ഇനി തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കാത്തിരിക്കേണ്ടിവരും.

മുമ്പ്‌ തങ്ങൾ ഇക്കാര്യം പല തവണ ആവശ്യപ്പെട്ടിട്ടും നടപ്പാക്കാതിരുന്ന സർക്കാരിന് കിട്ടിയ തിരിച്ചടിയാണ് സുപ്രീം കോടതി വിധിയെന്ന് യു.ഡി.എഫ്. പറയുന്നു. കഴിഞ്ഞ ദിവസം തൊടുപുഴയിൽ വാർത്താസമ്മേളനത്തിനിടയിൽ പുതിയ ഉത്തരവിനെക്കുറിച്ചറിഞ്ഞ പി.ജെ.ജോസഫ് ലഡു വിതരണം നടത്തിയതും സർക്കാരിനെതിരേയുള്ള ഈ അവസരം മുൻപിൽ കണ്ടിട്ടാണ്.

പക്ഷേ, കുടിയേറ്റ കാലം മുതൽ ഉന്നയിക്കുന്ന പട്ടയപ്രശ്നത്തിന് കുറേയെങ്കിലും പരിഹാരം കണ്ടതിന്റെ ആശ്വാസം എൽ.ഡി.എഫ്. ക്യാമ്പിലുണ്ട്. അൻപതിനായിരത്തിലേറെ പട്ടയങ്ങൾ ഈ സർക്കാരിൻ്റെ കാലത്ത് വിതരണം ചെയ്തെന്ന് അവർ പറയുന്നു. പക്ഷേ, കല്ലാർകുട്ടി മേഖലയിലും അണക്കെട്ടിനോടുചേർന്നുള്ള മറ്റ് മേഖലകളിലും ഉപ്പുതറയിലെ മൂന്നുചെയിനിലും ഈ പ്രശ്നങ്ങൾ കീറാമുട്ടിയാണ്. വോട്ടുചോദിച്ചെത്തുന്നവരോട് പട്ടയപ്രശ്നം മാത്രമാണ് ഇവർക്ക് ഉന്നയിക്കാനുള്ളത്. അതിനൊപ്പം ചട്ടം ഭേദഗതിചെയ്ത് ജീവിക്കാനുള്ള മാർഗവും ഉണ്ടാക്കിത്തരണമെന്ന് ഇടുക്കി ഒന്നാകെ ആവശ്യപ്പെടുന്നുണ്ട്.

പ്രചാരണം അത്ര കൊഴുപ്പിക്കേണ്ട... തിരഞ്ഞെടുപ്പ് കമ്മിഷന്റെ പിടിവീഴും!

കട്ടപ്പന : തദ്ദേശതിരഞ്ഞെടുപ്പിന് നാളുകൾമാത്രം ശേഷിച്ചിരിേക്ക മാർഗനിർദേശങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ രംഗത്തെത്തി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്കരനാണ്, പ്രചാരണരംഗത്ത് സ്ഥാനാർഥികളും പ്രചാരണസംഘങ്ങളും പാലിക്കേണ്ട കാര്യങ്ങളിൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.

വാഹന ഉപയോഗം കോവിഡ് മാനദണ്ഡം പാലിച്ച്

തദ്ദേശതിരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്ഥാനാർഥികൾ ഇരുചക്രവാഹനങ്ങൾ ഉൾെപ്പടെയുള്ളവ ഉപയോഗിക്കുന്നതിന് പോലീസിന്റെ അനുമതി വേണം. വാഹനങ്ങളുടെ ചെലവ് സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് ചെലവിന്റെ പരിധിയിൽവരും. വരണാധികാരി നൽകുന്ന പെർമിറ്റ് വാഹനത്തിന്റെ മുൻവശത്ത് കാണത്തക്കവിധം പ്രദർശിപ്പിക്കണം. പെർമിറ്റിൽ വാഹനനമ്പർ, സ്ഥാനാർഥിയുടെ പേര് എന്നിവ ഉണ്ടാകണം. പ്രകടനം നടക്കുമ്പോൾ രാഷ്ട്രീയകക്ഷിയുടെയോ സ്ഥാനാർഥിയുടെയോ വാഹനത്തിൽ തിരഞ്ഞെടുപ്പ് പരസ്യം, കൊടി തുടങ്ങിയവ മോട്ടോർവാഹനനിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായിമാത്രമേ പ്രദർശിപ്പിക്കാവൂ.തദ്ദേശതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുയോഗം, ജാഥ എന്നിവ സംഘടിപ്പിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളിൽനിന്ന്‌ മുൻകൂർ അനുമതി വാങ്ങണം.

ബോധവത്കരണത്തിന് പ്രത്യേകസെല്ലുമായി ആരോഗ്യവകുപ്പ്

പ്രചാരണങ്ങളിൽ കോവിഡ് പ്രതിരോധവും മാർഗനിർദേശങ്ങളും സംബന്ധിച്ച ബോധവത്കരണം നൽകാനും അവ പാലിക്കുന്നത് ഉറപ്പുവരുത്താനും ആരോഗ്യവകുപ്പിന്റെ പ്രത്യേകസെല്ലുകൾ പ്രവർത്തനമാരംഭിച്ചു. ജില്ലയിൽ എല്ലായിടത്തും നിരീക്ഷണങ്ങളും പരിശോധനകളും നടത്തും. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.എൻ.അജിക്കാണ് ജില്ലാതല സെല്ലിന്റെ ചുമതല.

ഗൃഹസന്ദർശനമോ...? ആളുകൂടേണ്ട...

ഗൃഹസന്ദർശനത്തിന് പോകുന്ന സംഘത്തിൽ അഞ്ചുപേരിൽ കൂടാൻപാടില്ല. രണ്ടുമീറ്റർ അകലംപാലിച്ച് ആശയവിനിമയം നടത്തണം. സ്ഥാനാർഥിയും പ്രചാരണസംഘാംഗങ്ങളും മുഴുവൻ സമയവും മാസ്ക് ധരിക്കണം, സാനിറ്റൈസർ കരുതണം.

65 വയസ്സിനുമുകളിൽ പ്രായമുള്ളവർ, രോഗികൾ, മറ്റ് ആരോഗ്യപ്രശ്നമുള്ളവർ തുടങ്ങിയവരെ നേരിൽ സന്ദർശിക്കാൻ പാടില്ല. ഹസ്തദാനം, ആലിംഗനം, നോട്ടുമാല, പുഷ്പഹാരം, ഷാളണിയിക്കൽ എന്നിവ ഒഴിവാക്കണം. നോട്ടീസ്, പ്രസ്താവന തുടങ്ങിയവ കൈപ്പറ്റുന്നവർ ഉടൻ കൈകൾ അണുവിമുക്തമാക്കി ശുദ്ധീകരിക്കണം.

സൂക്ഷ്മപരിശോധനയിൽ തർക്കത്തെത്തുടർന്ന് മാറ്റിവെച്ച പത്രിക അംഗീകരിച്ചു

നെടുങ്കണ്ടം : നെടുങ്കണ്ടം പഞ്ചായത്തിൽ സൂക്ഷ്മപരിശോധനാവേളയിൽ ഉണ്ടായ തർക്കത്തെത്തുടർന്ന് മാറ്റിവെച്ച പത്രിക സ്വീകരിച്ചു. എഴാംവാർഡിലെ കോൺഗ്രസ് സ്ഥാനാർഥി ശ്യാമള വിശ്വനാഥനെതിരേ ഉയർന്ന പരാതി തിരഞ്ഞെടുപ്പ് കമ്മിഷൻ ലീഗൽ സെൽ തള്ളിയതോടെയാണ് പത്രിക അംഗീകരിച്ചത്. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട ആളാണ് സ്ഥാനാർഥിയെന്നും പത്രിക തള്ളണമെന്നും എൽ.ഡി.എഫ്. ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കോടതിവിധിക്ക് സ്റ്റേ ലഭിച്ചിട്ടുണ്ടെന്നും ഇതിനാൽ മത്സരിക്കാൻ യോഗ്യതയുണ്ടെന്നും യു.ഡി.എഫ്. വാദിച്ചു. പിന്നീട് ഇരുകൂട്ടരുടെയും വാദമുഖങ്ങൾ പരിശോധിച്ചശേഷം റിട്ടേണിങ് ഓഫീസർ തീരുമാനം ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

ഇതിനിടെ, റിട്ടേണിങ് ഓഫീസർ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ലീഗൽ സെല്ലിന്റെ അഭിപ്രായം തേടി. തുടർന്ന് ലീഗൽ സെൽ പരാതി തള്ളുകയായിരുന്നു.