തൊടുപുഴ : മഹാമാരി കാരണം ആഘോഷങ്ങളിൽ ആളും ആരവവും ഒഴിഞ്ഞിട്ട് ഒന്നര വർഷം കഴിഞ്ഞു. ഉത്സവവും വിവാഹവുമൊക്കെ ചടങ്ങുകൾ മാത്രമായി ഒതുങ്ങി. ആഘോഷങ്ങൾക്ക് ശബ്ദവും വെളിച്ചവും പകർന്ന ഒരു വിഭാഗം ഇപ്പോൾ പട്ടിണിയിലാണ്. ജില്ലയിലെ ലൈറ്റ് ആൻഡ് സൗണ്ട്‌സ് മേഖലയിൽ ജോലി ചെയ്യുന്നവർ ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്ന് അറിയാതെ പകച്ചുനിൽക്കുകയാണ്.

കടക്കെണിയിലാണ് ഇവർ

ലൈറ്റ് ആൻഡ് സൗണ്ട്, ഹയറിങ് ഡെക്കറേഷൻ മേഖലയിൽ അറുന്നൂറോളം തൊഴിൽദാതാക്കളും നാലായിരത്തോളം തൊഴിലാളികളുമുണ്ട്. 2020 മാർച്ചിലെ ആദ്യ ലോക്ഡൗണിൽ തന്നെ ഇവർക്ക് വലിയ പ്രഹരമായിരുന്നു. ഉത്സവ സമയമായിരുന്നു അത്. ലോക്ഡൗണായതോടെ ഉത്സവാഘോഷങ്ങളെല്ലാം ഒഴിവാക്കി. വാങ്ങിയ അഡ്വാൻസ് പോലും തിരിച്ചുകൊടുക്കേണ്ട അവസ്ഥ വന്നു.

പലരും വലിയ തുകകൾ വായ്പയെടുത്താണ് മികച്ച ശബ്ദ, വെളിച്ച, പന്തൽ അലങ്കാര സംവിധാനങ്ങൾ ഒരുക്കിയിരുന്നത്. ഇത് തിരിച്ചടയ്ക്കുന്നത് പോയിട്ട് കുടുംബം പുലരുന്നതിനുപോലും വരുമാനമില്ലാതായി. ആദ്യ തരംഗത്തിനൊടുവിൽ ഇളവുകൾ വന്നുതുടങ്ങിയപ്പോഴേക്കും ഇവരുടെ ജനറേറ്റർ ഉൾപ്പെടെയുള്ള സാമഗ്രികൾ ഉപയോഗിക്കാതെയിരുന്ന് തകരാറിലായിരുന്നു. ഇത് നന്നാക്കാനും നല്ല തുക ചെലവായി. ഇതിനിടെ തിരഞ്ഞെടുപ്പൊക്കെ നിയന്ത്രണങ്ങളോടെ നടന്നപ്പോൾ മേഖലയിലുള്ളവർ പ്രതീക്ഷയിലായി. കുറച്ച് പരിപാടികളൊക്കെ കിട്ടി.

എന്നാൽ, രണ്ടാം തരംഗം എല്ലാ പ്രതീക്ഷയും തെറ്റിച്ചു. വീണ്ടും കേരളം ലോക്കിലായി. ഇപ്പോൾ മേഖലയിലെ തൊഴിൽദാതാക്കളുടേയും തൊഴിലാളികളുടേയും അവസ്ഥ അതീവ ദയനീയമാണ്. വൈദ്യുതി ചാർജും മുറി വാടകയും അടയ്ക്കണം. വായ്പ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കുകൾ രംഗത്തെത്തിയതോടെ ഇവരുടെ ജീവിതം പൂർണമായും ദുരിതത്തിലായിരിക്കുകയാണ്.

മേഖലയുടെ ദുരിതം സർക്കാർ മനസ്സിലാക്കണമെന്നും അടിയന്തര സഹായം നൽകണമെന്നും ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള (എൽ.എസ്.ഡബ്ള്യു.എ.കെ.) ജില്ലാ പ്രസിഡന്റ് പി.ജെ.ടോമി, സെക്രട്ടറി കെ.ടി.ഷാജു എന്നിവർ ആവശ്യപ്പെട്ടു.

പ്രളയകാലത്ത് ക്യാമ്പുകളിലും മറ്റും സൗജന്യമായാണ് പലരും വെളിച്ച സംവിധാനങ്ങൾ എത്തിച്ചത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും മേഖലയിലുള്ളവർ സജീവ സാന്നിധ്യമാണ്. തങ്ങളുടെ ദുഃഖം സർക്കാർ കാണാതെ പോകില്ലെന്നാണ് ഇവരുടെ പ്രതീക്ഷ.