മൂന്നാർ : അടിമാലി റേഞ്ചിൽപ്പെട്ട കൊന്നത്തടിയിൽനിന്ന്‌ വിവാദ ഉത്തരവിന്റെ മറവിൽ മരങ്ങൾ വെട്ടിയ സംഭവത്തിൽ മുൻ റേഞ്ചോഫീസർ, വില്ലേജോഫീസർ എന്നിവർക്ക് ഗുരുതരവീഴ്ച സംഭവിച്ചതായി മൂന്നാർ എ.സി.എഫിന്റെ റിപ്പോർട്ട്. എ.സി.എഫ്. ബി.സജീഷ്‌കുമാറാണ് ഇതുസംബന്ധിച്ച് മൂന്നാർ ഡി.എഫ്.ഒ. പി.ആർ.സുരേഷിന് റിപ്പോർട്ട് സമർപ്പിച്ചത്.

അടിമാലി മുൻ റേഞ്ച് ഓഫീസർ ജോജി ജോൺ, സർക്കാരിലേക്ക്‌ പൂർണമായും റിസർവുചെയ്ത അഞ്ച് തേക്കുമരം ഭൂപതിവ് ചട്ടങ്ങൾ ലംഘിച്ച് വെട്ടാൻ അനുമതി നൽകിയെന്നാണ് റിപ്പോർട്ടിലുള്ള ആരോപണം. കൊന്നത്തടി വില്ലേജ് ഓഫീസറും അനധികൃത മരംവെട്ടിന് കൂട്ടുനിന്നു.മരം വെട്ടാൻ അനുമതി നൽകിയ ഭൂമിയുടെ പട്ടയം 93-ലെ ഭൂപതിവ് ചട്ടപ്രകാരം അനുവദിച്ചതാണ്. ഇതിലെ തേക്ക് ഉൾപ്പെടെയുള്ള മരങ്ങൾ പൂർണമായും സർക്കാരിൽ നിക്ഷിപ്തമാണ്. കൊന്നത്തടി വില്ലേജ് ഓഫീസർ മരങ്ങൾ വെട്ടാൻ നിരാക്ഷേപപത്രം നൽകിയത് നിയമവിരുദ്ധമാണെന്നാണ് എ.സി.എഫിന്റെ കണ്ടെത്തൽ. കൊന്നത്തടി വില്ലേജിലെ മങ്കുവയിൽ റവന്യൂ പുറമ്പോക്കുഭൂമിയിൽനിന്ന്‌ തേക്ക് വെട്ടിക്കടത്തിയ സംഭവത്തിലും ജോജി ജോൺ ആരോപണവിധേയനാണ്. കടുത്ത ആരോപണങ്ങളെത്തുടർന്ന് രണ്ടാഴ്ചമുൻപ് ഈ ഉദ്യോഗസ്ഥനെ കോട്ടയം ജില്ലയിലേക്ക് സ്ഥലംമാറ്റിയിരുന്നു. മങ്കുവയിലെ മരം വെട്ടിക്കടത്തിയ സംഭവത്തിൽ റവന്യൂ വകുപ്പിന്റെ റിപ്പോർട്ട് വൈകുകയാണ്.