തൊടുപുഴ : മലങ്കര അണക്കെട്ടിന്റെ ആറ് ഷട്ടറുകളും ഒരുമീറ്റർ വീതം തുറക്കാൻ സാധ്യതയുണ്ടെന്നും തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും എം.വി.ഐ.പി. അധികൃതർ അറിയിച്ചു. ഇതു സംബന്ധിച്ച് ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. ഡാമിലെ ജലനിരപ്പ് നിയന്ത്രിച്ച് നിർത്തുന്നതിനായി നിലവിൽ ആറ് ഷട്ടറുകളും 70 സെ.മീറ്റർ വീതംതുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്.

മൂലമറ്റം വൈദ്യുതിനിലയത്തിൽനിന്നുള്ള ഉത്‌പാദനം പരമാവധിയിലെത്തിച്ചതിനെ തുടർന്ന് മലങ്കരയിൽ ജലനിരപ്പ് ഉയരുന്നുണ്ട്. ഇതിനുപുറമേ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ ഡാമിലേക്കുള്ള നീരൊഴുക്കുകൂടി. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ രണ്ട് ദിവസത്തേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ ഡാമിലെ ജലനിരപ്പ് 39.86 മീറ്ററാണ്. അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 42 മീറ്ററാണ്.