ഉപ്പുതറ : കാലവർഷം കനത്തതോടെ റോഡ് തകർന്ന് മേമാരികുടിയിലെ ആദിവാസികളുടെ യാത്രാസൗകര്യം മുടങ്ങി. ഇതോടെ ഇടുക്കി വന്യജീവി സങ്കേതത്തിനുള്ളിലെ ഉൾഗ്രാമമായ

മേമാരിയിലെ 98 കുടുംബങ്ങൾ ദുരിതത്തിലായി. കൂലിപ്പണിക്കുപോലും പോകാൻ കഴിയാതെ ചില കുടുംബങ്ങൾ പട്ടിണിയിലുമായി.

വേനൽക്കാലത്താണെങ്കിലും ഫ്രണ്ട് ഗിയറുള്ള ജീപ്പുമാത്രമാണ് കുടിയിൽ എത്തിയിരുന്നത്. കാലവർഷം തുടങ്ങിയതോടെ മഴവെള്ളപ്പാച്ചിലിൽ മൺപാത തകർന്ന് ജീപ്പ് യാത്രയും അപ്രാപ്യമായി. ഒന്നരമാസത്തിനിടെ ഗ്രാമം കാണാനെത്തിയ ഒരുകൂട്ടം ചെറുപ്പക്കാരുടെ ഓഫ് റോഡ്‌ ജീപ്പ് മാത്രമാണ് കുടിയിലെത്തിയത്.

തകർന്നുകിടക്കുന്ന കാനനപാതയിലൂടെ ആന ഉൾപ്പെടെയുള്ള കാട്ടുമൃഗങ്ങളെ ഭയന്ന് അഞ്ചുകിലോമീറ്ററിലധികം നടന്നുവേണം ഇവർക്ക് കണ്ണംപടിയിലെത്താൻ. അവിടെനിന്നു ടാക്സി ജീപ്പുകളെ ആശ്രയിച്ച് 18 കിലോമീറ്റർ സഞ്ചരിച്ച് ഉപ്പുതറയിൽ എത്തിയാലേ ആവശ്യസാധനങ്ങൾ വാങ്ങാനും, ചികിത്സ സൗകര്യങ്ങൾ ലഭ്യമാക്കാനും കഴിയുകയുള്ളൂ.

നാലുവർഷം മുൻപ് എം.എൽ.എ. ഫണ്ടിൽനിന്നു അനുവദിച്ച റോഡ് നിർമാണം മേമാരിയിൽനിന്നു തുടങ്ങാതെ പോയതാണ് ഇവർക്കുവിനയായത്. മേമാരി-കണ്ണംപടി-വളകോട് റോഡിന് അഞ്ചുകോടി രൂപയാണ് അനുവദിച്ചത്.

എന്നാൽ സമ്മർദങ്ങൾക്കു വിധേയമായി വളകോട്ടിൽനിന്നാണ് നിർമാണം തുടങ്ങിയത്. കണ്ണംപടിയിൽ എത്തിയപ്പോഴേക്കും അനുവദിച്ച ഫണ്ട് തീർന്നു. കണ്ണംപടി-മേമാരി റോഡ് ഓരോ ദിവസംചെല്ലുന്തോറും കാൽനടയാത്രയ്ക്കുപോലും കഴിയാത്ത അവസ്ഥയിൽ തകർന്നുകൊണ്ടിരിക്കുകയാണ്.