നെടുങ്കണ്ടം : കനത്ത മഴയിൽ നിയന്ത്രണംവിട്ട കാർ വൈദ്യുതപോസ്റ്റ് ഇടിച്ചു തകർത്തു. ഇടിയുടെ ആഘാതത്തിൽ 11 കെ.വി.ലൈൻ സംസ്ഥാന പാതയിലേക്ക് പൊട്ടിവീണു. വൈദ്യുത ലൈൻ പൊട്ടിവീണതറിയാതെ എത്തിയ ഇരുചക്രവാഹനവും അപകടത്തിൽപ്പെട്ടു. ജോലിക്കുശേഷം ഉടുമ്പൻചോലയിൽ നിന്നു നെടുങ്കണ്ടത്തേക്ക് വന്ന യുവാക്കൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആർക്കും ഗുരുതര പരിക്കുകളില്ല. ബുധനാഴ്ച രാവിലെ കുമളി-മൂന്നാർ സംസ്ഥാന പാതയിൽ കൽകൂന്തൽ ടൗണിനു സമീപമാണ് അപകടമുണ്ടായത്. മഴയ്ക്കിടെ കാറിന്റെ നിയന്ത്രണംവിട്ട് വൈദ്യുതപോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. 11 കെ.വി. വൈദ്യുതലൈനുകളും റോഡിലേക്ക് പൊട്ടിവീണു. മണിക്കൂറുകളാണ് മേഖലയിൽ വൈദ്യുത തടസ്സമുണ്ടായത്.

ലൈനുകൾ റോഡിൽ പതിച്ചപ്പോൾ തന്നെ കെ.എസ്.ഇ.ബി. സമയോചിതമായി മേഖലയിലേക്കുള്ള വൈദ്യുതബന്ധം പൂർണമായി വിച്ഛേദിച്ചു. റോഡിന്റെ ഒരു വശത്ത് 250 അടി താഴ്ചയുള്ള കൊക്കയാണ്. വാഹനം പോസ്റ്റിലിടിച്ച് നിന്നതിനാൽ വൻ അപകടം ഒഴിവായി. അപകടം നടന്ന സമയത്ത് കൂടുതൽ വാഹനങ്ങൾ എത്താതിരുന്നത് കൂടുതൽ അപകടങ്ങൾ ഒഴിവാക്കി.