ഉപ്പുതറ : കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്കുകൂടുന്നു എന്ന പരാതിയെ തുടർന്ന് മുൻപ് പിൻവലിച്ച ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം ബുധനാഴ്ച മുതൽ വീണ്ടും നിലവിൽവന്നു.

സ്പോട്ട് രജിസ്ട്രേഷനും, ടോക്കണും വേണ്ടി പഞ്ചായത്ത് അംഗങ്ങളുടെ ഇടപെടലിലൂടെ കൂടുതൽ ആളുകൾ വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തുന്നു എന്ന് ജില്ല ഭരണകൂടത്തിനു ലഭിച്ച വ്യാപക പരാതിയെ തുടർന്നാണ് വീണ്ടും ഓൺ ലൈൻ രജിസ്ട്രേഷൻ തിരികെ കൊണ്ടുവന്നത്.

ഇതു സംബന്ധിച്ച് ഡി.എം.ഒ.യുടെ ഉത്തരവ് ചൊവ്വാഴ്ച സർക്കാർ ആശുപത്രികളിലെത്തി. എന്നാൽ ടോക്കൺ എടുക്കുന്നതിനായി ഓൺ ലൈൻ രജിസ്ട്രേഷൻകാരുടെ വൻ തിരക്കാണ് ബുധനാഴ്ച രാവിലെ മുതൽ ഓരോ കേന്ദ്രങ്ങളിലും ഉണ്ടായത്. മുൻഗണനയോ, കോവിഡ് മാനദണ്ഡങ്ങളോ ഒന്നും ഇവിടെ പാലിക്കപ്പെട്ടില്ല.

വാർഡ് അടിസ്ഥാനത്തിൽ ഒന്നും രണ്ടും ഡോസുകളുടെ മുൻഗണനയും, സമയവും ക്രമീകരിച്ച് മാനദണ്ഡങ്ങൾക്ക് വിധേയമായി സ്പോട്ട് രജിസ്ട്രേഷനിലൂടെ ചില തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ പരിധിയിൽ വാക്സിനേഷൻ നടന്നിരുന്നു. ഇവിടൊന്നും തിരക്ക് അനുഭവപ്പെട്ടില്ല.

ഇതേ മാതൃക സ്വീകരിക്കുന്നതിനുപകരം വീണ്ടും ഓൺലൈൻ സമ്പ്രദായം തിരികെ കൊണ്ടുവന്നത് വാക്സിൻ കേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കാൻ സഹായിച്ചിട്ടില്ല. ഇതിന് തെളിവാണ് ഉപ്പുതറ സി.എച്ച്.സി.യിൽ ബുധനാഴ്ച പുലർച്ചെ മുതൽ അനുഭവപ്പെട്ട തിരക്ക്.

അതിനിടെ ഒന്നാം ഡോസ് സ്വീകരിച്ച് 100 ദിവസം കഴിഞ്ഞ പലർക്കും ഓൺ ലൈൻ രജിസ്ടേഷൻ ലഭിക്കാത്ത സ്ഥിതിയുമുണ്ട്. ഒ.ടി.പി. കിട്ടിയശേഷം വാക്സിൻ കേന്ദ്രങ്ങൾ രേഖപ്പെടുത്തുന്നില്ല. ഇവർ എന്തുചെയ്യണം എന്നറിയാതെ വിഷമിക്കുകയാണ്.