മൂന്നാർ : ഉദ്യോഗസ്ഥരില്ലാത്തതിനെ തുടർന്ന് ദേവികുളത്തുള്ള മൂന്നാർ സ്പെഷ്യൽ റവന്യൂ ഓഫീസിന്റെ പ്രവർത്തനം നിലച്ചു. പരിശോധനകളും നടപടികളുമില്ലാതായതോടെ മൂന്നാർ, ദേവികുളം മേഖലകളിൽ കൈയേറ്റങ്ങളും അനധികൃത നിർമാണങ്ങളും വ്യാപകമായിരിക്കുകയാണ്.

കൈയേറ്റങ്ങളും അനധികൃത നിർമാണങ്ങൾക്കുമെതിരേ നടപടി സ്വീകരിക്കുന്നതിനായി 2010-ലാണ് സ്പെഷ്യൽ റവന്യൂ ഓഫിസ് മൂന്നാറിൽ സ്ഥാപിച്ചത്.

മൂന്നാർ ഇക്കാ നഗറിൽ പ്രവർത്തിച്ചിരുന്ന ഓഫീസ് ഉദ്യോഗസ്ഥരുടെ സൗകര്യാർഥം ആറുമാസം മുൻപാണ് ദേവികുളം മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു.

ഒരു സ്പെഷ്യൽ തഹസീൽദാർ, നാല് റവന്യൂ ഇൻസ്പെക്ടർമാർ, രണ്ട് വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാർ എന്നീ തസ്തികകളാണ് ഈ ഓഫിസിലുള്ളത്.

തസ്തികയിലുള്ള പലരും ഇവിടേക്ക് വരാതായതോടെ കഴിഞ്ഞ രണ്ടുവർഷമായി തഹസീൽദാരടക്കം നാലുപേർ മാത്രമായിരുന്നു ഇവിടെ ജോലി ചെയ്തിരുന്നത്. എന്നാൽ, കഴിഞ്ഞ ഒരുമാസമായി മറ്റു വകുപ്പിൽനിന്നും താത്‌കാലികമായെത്തിയ ഒരു ക്ലാർക്ക് മാത്രമാണ് നിലവിൽ ഓഫിസിലുള്ളത്. അദ്ദേഹം അവധിയെടുക്കുന്ന ദിവസങ്ങളിൽ ഓഫീസിൽ ഒരാൾ പോലുമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.

കോവിഡ് ഡ്യൂട്ടിക്കായി സ്പെഷ്യൽ തഹസീൽദാരെ ബോഡിമെട്ട് ചെക്പോസ്റ്റിലേക്ക് നിയമിച്ചതിനാലാണ് ഇദ്ദേഹം ഓഫിസിൽ എത്താത്തത്. ഉണ്ടായിരുന്ന റവന്യൂ ഇൻസ്പെക്ടർ സ്ഥലം മാറിപ്പോയി. പുതുതായി നിയമിച്ചയാൾ അഴ്ചകൾ കഴിഞ്ഞിട്ടും ചുമതലയേറ്റിട്ടില്ല. വില്ലേജ് ഫീൽഡ് അസിസ്റ്റൻറുമാരുടെ തസ്തിക മാസങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്.

സ്പെഷ്യൽ റവന്യൂ ഓഫിസിൽ ജോലി ചെയ്യുന്നതിന് ഉദ്യോഗസ്ഥർ തയ്യാറാകാത്തതുമൂലം ഇവിടേക്ക് നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥർ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ഉടൻ തന്നെ മറ്റ് സ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റം വാങ്ങി പോകുകയാണ് പതിവ്.