മൂന്നാർ : അവധിദിവസത്തിന്റെ മറവിൽ രണ്ടുവർഷം മുൻപ് ഒഴിപ്പിച്ച സർക്കാർ ഭൂമിയിൽ വീണ്ടും കൈയേറ്റം. മൂന്നാർ ഇക്കാനഗറിലാണ് പ്രധാന പാതയോരത്തായി ബുധനാഴ്ച കൈയേറ്റം നടന്നത്. ലക്ഷങ്ങൾ വിലമതിക്കുന്ന പത്തു സെന്റോളം ഭൂമിയാണ് കൈയേറി അടിക്കാടുകൾ വെട്ടിത്തെളിച്ച് കെട്ടിടം നിർമിക്കുന്നതിനുള്ള നിലമൊരുക്കിയത്.

2019-ൽ ഈ ഭൂമി കൈയേറി ഇരുമ്പുകേഡറുകൾ ഉപയോഗിച്ച് നടത്തിവന്ന കെട്ടിട നിർമാണങ്ങൾ അന്നത്തെ സബ്ബ് കളക്ടർ രേണു രാജിന്റെ നേതൃത്വത്തിൽ ഒഴിപ്പിച്ച് ലക്ഷങ്ങൾ വിലമതിക്കുന്ന നിർമാണ സാമഗ്രികൾ പിടിച്ചെടുത്തിരുന്നു. ഇതിനു ശേഷം താലൂക്ക് സർവേയർമാരുടെ നേതൃത്വത്തിൽ ഭൂമി അളന്ന് രേഖകൾ പരിശോധിച്ചതിൽനിന്നു സർക്കാർ ഭൂമിയാണിതെന്ന് കണ്ടെത്തിയിരുന്നു. ഇതിനു ശേഷമാണ് അവധി ദിവസമായ ബുധനാഴ്ച ഈ സ്ഥലത്ത് വീണ്ടും കൈയേറ്റം നടന്നത്.