തൊഴിലാളികൾക്കുനേരേ കാറിടിച്ചുകയറ്റാനും ശ്രമം

നെടുങ്കണ്ടം : കരുണാപുരത്ത് അതിഥിത്തൊഴിലാളിയെ ഹെൽമറ്റിന് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ തൊഴിലുടമയെ കമ്പംമെട്ട് പോലീസ് അറസ്റ്റുചെയ്തു. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. ഇഷ്ടികനിർമാണശാലയിൽ ജോലിചെയ്തിരുന്ന നേപ്പാൾ റോത്താഡ് സ്വദേശിയായ ലാൽ കിഷോർ ചൗധരി (25)ക്കാണ് തലയ്ക്ക് അടിയേറ്റത്. ഇഷ്ടിക നിർമാണശാല ഉടമയായ നാക്കുഴിക്കാട്ട് ബിജു സ്കറിയ(45)യാണ് മദ്യലഹരിയിൽ ഹെൽമെറ്റിന് അതിഥിത്തൊഴിലാളിയുടെ തലയ്ക്കടിച്ചത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അതിഥിത്തൊഴിലാളി തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബിജുവിന്റെ കട്ടക്കളത്തിൽ അഞ്ചുവർഷമായി ജോലി ചെയ്യുന്നയാളാണ് ലാൽ കിഷോർ ചൗധരി. ലോക്ഡൗണിനെത്തുടർന്ന് പണിയില്ലാതായതോടെ ഇയാളുൾപ്പെടെ ആറ് അതിഥിത്തൊഴിലാളികൾ നാട്ടിലേക്ക് തിരിച്ചുപോകാൻ വണ്ടിക്കൂലി ചോദിച്ചിരുന്നു.

ഇതിൽ പ്രകോപിതനായാണ് സ്ഥാപന ഉടമ അതിഥിത്തൊഴിലാളിയെ ആക്രമിച്ചതെന്ന് കമ്പംമെട്ട് പോലീസ് പറഞ്ഞു. തൊഴിലാളികളെ തിരികെ വിടാനാവില്ലെന്ന് ബിജു പറഞ്ഞതിനെത്തുടർന്ന് വാക്കേറ്റമുണ്ടാകുകയായിരുന്നു. ഇതിനുശേഷം കരുണാപുരം ടൗണിലെത്തിയ അതിഥിത്തൊഴിലാളികൾക്കുനേരേ ബിജു കാറിടിച്ചുകയറ്റാൻ ശ്രമിച്ചു.

തൊഴിലാളികൾ ഓടി രക്ഷപ്പെട്ടതിനാൽ അപകടം ഒഴിവായി. ഇതിനിടെ ഒരു വ്യാപാരസ്ഥാപനത്തിനും രണ്ട് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു. ഇതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. നാട്ടുകാർ ബിജുവിനെ തടഞ്ഞുവെച്ചതിനെത്തുടർന്ന് കമ്പംമെട്ട് പോലീസ് സ്ഥലത്തെത്തി അറസ്റ്റുചെയ്‌തെങ്കിലും എട്ടുമണിയോടെ ജാമ്യത്തിൽ വിട്ടയച്ചു. ഇതിനുശേഷം തിരികെ ഇഷ്ടിക നിർമാണശാലയിലെത്തിയ ബിജു കത്തി ഉപയോഗിച്ച് തൊഴിലാളികളെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ആക്രമണത്തിൽനിന്ന് കുതറിയോടാൻ ശ്രമിക്കുന്നതിനിടയിലാണ് തൊഴിലാളിയെ ബിജു ഹെൽമറ്റിന് തലയ്ക്കടിച്ചുവീഴ്ത്തിയത്.

പരിക്കേറ്റ തൊഴിലാളിയെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വധശ്രമത്തിന് കേസെടുത്ത് പ്രതിയെ പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു.

ആയുധമുപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുക, ഭീകരാന്തരീക്ഷം സൃഷ്ടിക്കുക, ആയുധം ഉപയോഗിച്ച് ആക്രമിക്കുക തുടങ്ങിയ വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്. കമ്പംമെട്ട് സി.ഐ. ജി.സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.