തൊടുപുഴ : കോവിഡിന്റെ രണ്ടാംഘട്ട വ്യാപനത്തിൽ രോഗികളുടെ എണ്ണം കുതിച്ചുയർന്നതോടെ ജില്ലയിലെ കോവിഡ് ചികിത്സാകേന്ദ്രങ്ങൾ നിറയുന്നു. നിലവിൽ ജില്ലയിലെ പ്രധാന താലൂക്ക് കേന്ദ്രങ്ങളിൽ മാത്രമാണ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ(സി.എഫ്.എൽ.ടി.സി.) ഉള്ളത്. ഇത് കൂടാതെ മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിലും ചികിത്സ നൽകുന്നുണ്ട്. എന്നാൽ പൊടുന്നനെ കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതോടെ ഗുരുതരാവസ്ഥയിലുള്ളവരെയും, കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെയും മാത്രമാണ് ഇത്തരം ചികിത്സാകേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കുന്നത്. ആശുപത്രികളിൽ ചികിത്സ വേണമെന്ന് ആവശ്യപ്പെട്ടവരോട് വീട്ടിൽ തുടരാനാണ് നിർദേശം. ആരോഗ്യസ്ഥിതി വഷളായാൽ മാത്രമേ ഇവരെ ആശുപത്രിയിലേക്ക് മാറ്റൂ. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ സി.എഫ്.എൽ.ടി.സികൾ തുടങ്ങാൻ ജില്ലാ ഭരണകൂടം ആലോചിക്കുന്നുണ്ട്.

സ്വകാര്യ ആശുപത്രികളും നിറഞ്ഞു

ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സ നൽകുന്നുണ്ട്. ഇതിനായി പരിമിതമായ ബെഡ്ഡുകൾ മാത്രമാണ് മാറ്റിവെച്ചിരിക്കുന്നത്. കോവിഡ് ബാധയേറിയതോടെ സ്വകാര്യാശുപത്രികളും രോഗികളെ കൊണ്ട് നിറഞ്ഞ അവസ്ഥയിലാണ്.

പരിശോധന അതിവേഗം

രോഗബാധ ഏറിയ സാഹചര്യത്തിൽ ജില്ലയിലെ നഗര, ഗ്രാമ വ്യത്യാസമില്ലാതെ കോവിഡ് പരിശോധനകൾ തുടരുകയാണ്. കഴിഞ്ഞ മൂന്നു ദിവസമായി ദിവസവും രണ്ടായിരത്തിനടുത്ത് ആളുകളെ പരിശോധിക്കുന്നുണ്ട്. ഇതിനായി മെഗാ ക്യാമ്പുകൾ എല്ലാ പഞ്ചായത്തുകളിലും സംഘടിപ്പിക്കുന്നുണ്ട്.

തിരക്ക് കുറയുന്നു

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ പ്രധാന ടൗണുകളിൽ തിരക്ക് കുറയുന്നു. രോഗികളുടെ എണ്ണം കുതിച്ചുയർന്ന സാഹചര്യത്തിൽ പലരും പുറത്തിറങ്ങാൻ മടിക്കുകയാണ്.

സർക്കാർ, വ്യാപാര സ്ഥാപനങ്ങൾ സന്ദർശകർക്ക് വീണ്ടും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. പോലീസും ജില്ലയിലെമ്പാടും പരിശോധന കർശനമാക്കി.