നെടുങ്കണ്ടം : ചരിത്രപ്രാധാന്യമുള്ള വീരക്കല്ല് ഉടുമ്പൻചോല ചതുരംഗപ്പാറയിൽ നിന്നു കണ്ടെത്തി. ഒരടിയോളം ഉയരമുള്ള കല്ലിലാണ് ഈ അപൂർവമായ നിർമിതി. ചതുരംഗപ്പാറയിൽ കേരള-തമിഴ്‌നാടിന്റെ അതിർത്തിയിലുള്ള മലയുടെ കിഴക്കേ അറ്റത്തുള്ള ഒരു ആൽമരത്തിനു ചുവട്ടിലാണ് പന്ത്രണ്ടാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന ശില്പം കണ്ടെത്തിയത്.

നെടുങ്കണ്ടം പുരാവസ്തു ചരിത്ര സമിതിയംഗവും ഫോക് ലോർ ചരിത്ര ഗവേഷകനുമായ ഡോ.രാജീവ് പുലിയൂരിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വീരക്കല്ല് കണ്ടെത്തിയത്. ആനയുടെ മുകളിലിരിക്കുന്ന രീതിയിലുള്ള ഒരു വീരകഥാപാത്രത്തെ ലഭ്യമാകുന്നത് അപൂർവമാണ്. കേരളത്തിൽനിന്ന് മധുരയിലേക്കുള്ള പ്രാചീന സഞ്ചാരപാതയിൽ ചതുരംഗപ്പാറ ഭൂമിശാസ്ത്രപരമായി വളരെ പ്രധാനപ്പെട്ട ഒന്നാണ്.

രണ്ടായിരം വർഷങ്ങൾക്കു മേൽ പഴക്കമുള പുരാതനമായ വാണിജ്യ പാതയിൽ കാണുന്ന ഈ വീരക്കല്ല് ഹൈറേഞ്ചിന്റെ ചരിത്രത്തിലേക്കുള്ള നാഴികകല്ലാണ്. പോരാട്ടത്തിൽ വീരമരണം പ്രാപിക്കുന്ന വീരന്മാരുടെ സ്മരണയ്ക്കായി നാട്ടുന്ന കല്ലുകൾ എന്നാണ് വീരക്കല്ലുകളെ കുറിച്ച് പറയപ്പെടുന്നത്. ഇത്തരം കല്ലുകൾ ആരാധനവസ്തുക്കളായി തീരാറുണ്ട്. വിവിധ കാലഘട്ടത്തിലെ സമൂഹങ്ങൾ, ഗോത്രങ്ങൾ എന്നിവ ഇത്തരം കല്ലുകളിൽ ആരാധന നടത്തിവരാറുണ്ട്. ഗോത്രാചാരങ്ങളുടെ ഭാഗമായുള്ള അനുഷ്ഠാനങ്ങളും ഇവയുടെ ഭാഗമായി കാണാറുണ്ട്.

നൂറ്റാണ്ടുകൾക്ക് മുമ്പേ ഇടുക്കിയുടെ മലമടക്കുകളിൽ ജനവാസം ഉണ്ടായിരുന്നതിന് ഇത് മികച്ച ഒരു തെളിവാണ്. വരും ദിവസങ്ങളിൽ സമീപ മേഖലകളിൽ കൂടുതൽ ഗവേഷണം നടത്താനാണ് പുരാവസ്തു ചരിത്രസമിതിയുടെ തീരുമാനം.