മറയൂർ : അഞ്ചുനാട് ഗോത്രവർഗ കോളനികളിൽ കാട്ടുപടവലത്തി (ട്രിക്കോ സാന്തസ് കുക്കു മെറീന -trichosanthes cucumerina) ന്റെ വിളവെടുപ്പ് ആരംഭിച്ചു.

മറയൂർ സാൻഡൽ ഡിവിഷൻ മുഖാന്തരമാണ് വില്പന നടക്കുന്നത്. ഒരുകിലോ കാട്ടുപടവലത്തിന് 195 രൂപയാണ് ഇത്തവണ വനംവകുപ്പ് നിശ്ചയിച്ചിരിക്കുന്നത്. കോട്ടക്കൽ ആര്യവൈദ്യശാല അഞ്ചുടണ്ണും മറ്റ് ആയുർവേദ കമ്പനികൾ രണ്ടുടണ്ണും വാങ്ങുന്നതിന് വനംവകുപ്പുമായി കരാറിലെത്തി. കൊറോണ കാലമായതിനാൽ

ആയുർവേദമരുന്നുകളുടെ ഉത്പാദനത്തിൽ വലിയ കുറവുണ്ടായിട്ടുണ്ട്. ഇത് കാട്ടുപടവല വിപണിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. സാധാരണ 45 ടൺ കാട്ടുപടവലം ഒരു വർഷത്തിൽ വില്പന നടത്താറുണ്ട്.

മറയൂർ സാൻഡൽ ഡിവിഷന്റെ നേതൃത്വത്തിൽ 2016 മുതൽ തുടങ്ങിയ കാട്ടുപടവലത്തിന്റെ വില്പന ഇതുവരെ ഒരുകോടി രൂപയ്ക്ക് അടുത്തെത്തി നിൽക്കുന്നു. മറയൂർ സാൻഡൽ ഡിവിഷന്റെ കീഴിൽ മറയൂർ റേഞ്ചിൽ പ്രവർത്തിച്ചുവരുന്ന ചില്ലറ ലേല വിപണി മുഖാന്തരമാണ് കാട്ടുപടവലം ശേഖരിച്ചുവരുന്നത്. 2016-ന് മുമ്പ് 50 രപ പോലും വില കർഷകന് ലഭിച്ചിരുന്നില്ല. ന്യായവിലയും വന്യജീവികൾ നശിപ്പിക്കുകയില്ലായെന്നതും പടർത്തി വിടാൻ കഴിയുന്നതിനാലും കർഷകർക്ക് ഈ കൃഷിയിൽ താത്‌പര്യമേറുന്നു.

കാട്ടുപടവലത്തിന്റെസവിശേഷതകൾ

ജനുവരിമുതൽ ഏപ്രിൽവരെയാണ് കാട്ടുപടവലത്തിൻ്റെ വിളവെടുപ്പ്. കാട്ടുപടവലം സമൂല ഔഷധമാണ്. ത്വക്ക് രോഗമടക്കമുള്ള 113 ആയുർവേദ മരുന്നുകളുടെ ഉത്പാദനത്തിലെ പ്രധാന ചേരുവകളിൽഒന്നാണ് കാട്ടുപടവലം.

ആയുർവേദ മരുന്നുനിർമാണത്തിൽ ഒഴിച്ചുകൂടാനാകാത്ത ഔഷധസസ്യമാണ് കാട്ടുപടവലം. നിരവധി രോഗങ്ങൾക്കുള്ള ഔഷധമായാണ് അഷ്ടാംഗഹൃദയത്തിൽ കയ്പൻ പടവലത്തെക്കുറിച്ച് വിവരിച്ചിരിക്കുന്നത്.

മറയൂർ ചന്ദനക്കാടിനുള്ളിൽ തീർഥമല, കർപ്പൂരക്കുടി, കുത്തുകൽക്കുടി, പെരിയ കുടി, കമ്മാളംകുടി, ഇരുട്ടളകുടി, നെല്ലിപ്പെട്ടി, കവക്കുടി എന്നിവിടങ്ങളിലാണ് ഇത് വ്യാപകമായി കൃഷി ചെയ്തുവരുന്നത്. 50 ടൺ കാട്ടു പടവലം ഈ സീസണിൽ ലഭിക്കുമെന്ന പ്രതീക്ഷയാണ് ഉള്ളത്.

വനം വകുപ്പിന്റെ നേതൃത്വത്തിൽ ചില്ലറ ലേലവിപണി മുഖാന്തരം ഇതുവരെ 57.465 ടൺ കാട്ടുപടവലം 96.56 ലക്ഷം രൂപയ്ക്ക് വിറ്റഴിച്ചിട്ടുണ്ട്. 250 രൂപ വരെ വില ഉയർന്നിട്ടുമുണ്ട്.