നെടുങ്കണ്ടം : കമ്പംമെട്ട് കള്ളനോട്ട് കേസിൽ പിടിയിലായ പ്രതികൾക്ക് അന്തസ്സംസ്ഥാന സംഘങ്ങളുമായുള്ള ബന്ധം കണ്ടെത്താനാവാത്ത സാഹചര്യത്തിൽ അന്വേഷണം അവസാനിപ്പിച്ച് പോലീസ്. പ്രതികൾക്ക് അന്തസ്സംസ്ഥാന കള്ളനോട്ട് സംഘവുമായി ബന്ധമുണ്ടെന്ന നിഗമനത്തിൽ കമ്പംമെട്ട് പോലീസ് തമിഴ്‌നാട്ടിലെ കമ്പം, തേനി, കോയമ്പത്തൂർ, സേലം എന്നിവടങ്ങളിലേക്ക് അന്വേഷണം വ്യപിപ്പിച്ചിരുന്നു.

എന്നാൽ അന്വേഷണത്തിൽ തുമ്പൊന്നും കിട്ടാത്ത സാഹചര്യത്തിലാണ് കേസന്വേഷണം അവസാനിപ്പിക്കുന്നത്. കേസിൽ പിടിയിലായവരല്ലാതെ മറ്റ് പ്രതികളാരുമില്ലെന്ന് കമ്പംമെട്ട് പോലീസ് അറിയിച്ചു. പ്രതികൾ സ്വന്തം ആവശ്യത്തിനായി വ്യാജ നോട്ടുകൾ നിർമിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. കേസന്വേഷണം അവസാനിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പോലീസ് ആരംഭിച്ചു. മൂന്ന് ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി കമ്പംമെട്ടിൽനിന്നു ആറ് പ്രതികളെയാണ് കമ്പംമെട്ട് പോലീസും ജില്ലാ പോലീസിന്റെ നർക്കോടിക് സ്‌ക്വാഡും ചേർന്ന് പിടികൂടിയത്.

തോട്ടം മേഖലയിൽ കള്ളനോട്ടുകൾ വ്യാപകമാവുെനന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തലിനെത്തുടർന്ന് ജില്ലാ പോലീസിന്റെ നർക്കോടിക് സ്‌ക്വാഡ് അന്വേഷണം നടത്തിവരുകയായിരുന്നു. നോട്ടുമായി എത്തിയ സംഘം നർക്കോടിക് സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. തോട്ടം ഉടമയെന്ന വ്യാജേന പോലീസ് ഉദ്യോഗസ്ഥർ കള്ളനോട്ട് സംഘവുമായി ബന്ധം സ്ഥാപിച്ചാണ് ഇവരെ കുടുക്കിയത്. ഒരു ലക്ഷം രൂപയ്ക്ക് മൂന്ന് ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് സംഘം നൽകിയിരുന്നത്. പോലീസിന്റെ പരിശോധനയിൽ നോട്ടുകൾ അതിവിദഗ്ധമായാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. കാഴ്ചപരിമിതി ഉള്ളവർക്ക് നോട്ടിന്റെ മൂല്യം തിരിച്ചറിയാൻ യഥാർഥ നോട്ടിലുള്ള സംവിധാനങ്ങൾക്ക് സമാനമായവവരെ പിടികൂടിയ കള്ളനോട്ടിലുണ്ട്. മിക്കനോട്ടുകളും ഉപയോഗിച്ച് പഴക്കംവന്നതാണെന്ന് തോന്നിക്കുന്നതരത്തിലാണ് തയ്യാറാക്കിയെടുത്തിരിക്കുന്നത്.

ഇക്കാരണങ്ങളാണ് കൂടുതൽ അന്വേഷണങ്ങളിലേക്ക് പോലീസിനെ നയിച്ചത്. തമിഴ്‌നാട്ടിൽ നടത്തിയ അന്വേഷണത്തിൽ സേലത്തുനിന്നു രണ്ട് ലക്ഷം രൂപ വിലവരുന്ന മെഷീനും കള്ളനോട്ട് അച്ചടിക്കാനാവശ്യമായ ഒരു കെട്ട് പേപ്പറും കണ്ടെത്തിയിരുന്നു. എന്നാൽ കൂടുതൽ തെളിവുകളൊന്നും തുടർന്ന് ലഭിച്ചില്ല. ഇതിനെ തുടർന്നാണ് പോലീസ് അന്വേഷണം അവസാനിപ്പിക്കുവാൻ ഒരുങ്ങുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്ക് കൂട്ടസ്ഥലംമാറ്റം ഉണ്ടായതോടെ പുതുതായി എത്തിയ ഉദ്യോഗസ്ഥന് അന്വേഷണച്ചുമതല കൈമാറിയിരുന്നു.