മൂന്നാർ : ലക്ഷങ്ങൾ ചെലവിട്ട് മാസങ്ങൾക്കുമുമ്പ് വൈദ്യുതിവകുപ്പ് നിർമിച്ച സംരക്ഷണവേലികൾ തകർന്നു. വേലി നിർമാണത്തിൽ വൻ അഴിമതി നടന്നുവെന്നാരോപിച്ച് നാട്ടുകാർ പരാതി നൽകി. കൈയേറ്റക്കാരിൽനിന്ന് വകുപ്പിന്റെ കീഴിലുള്ള ഭൂമി സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വൈദ്യുതിവകുപ്പിന്റെ ഉടമസ്ഥതയിലുള്ള മൂന്നാറിലെ 29 ഏക്കർ സ്ഥലത്ത് അതിരുതിരിച്ച്, കൽക്കെട്ട് നിർമിച്ച് അതിനുമുകളിൽ പത്തടി ഉയരത്തിൽ ഇരുമ്പുവേലി നിർമിക്കുന്നത്. 1.50 കോടി രൂപയാണ് വകുപ്പ് ഇതിനായി അനുവദിച്ചത്. എന്നാൽ, കരാറെടുത്തയാൾ പരിചയമില്ലാത്ത ബംഗാളികളെക്കൊണ്ടാണ് പണികൾ നടത്തിയത്.

ഇതേത്തുടർന്ന് രണ്ടുമാസം മുമ്പ് നിർമിച്ച വേലികൾ കൽക്കെട്ടുകൾ തകർന്നതിനെത്തുടർന്ന് പല ഭാഗത്തും നശിച്ചു. സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്‌ സമീപമാണ് വേലികൾ ഏറ്റവുമധികം തകർന്നത്. വേലികെട്ടുന്നതിനായി ടെൻഡർ ക്ഷണിച്ചപ്പോൾ മറ്റു പല കരാറുകാരും കുറഞ്ഞ തുകയ്ക്ക് (46 ലക്ഷം രൂപവരെ) ക്വട്ടേഷൻ നൽകിയെങ്കിലും വേലികെട്ടുന്നതിനു പരിചയസമ്പത്തില്ലെന്ന കാരണത്താൽ ഇവയെല്ലാം തള്ളിയശേഷം ഒന്നരക്കോടി രൂപയ്ക്ക് ടെൻഡർ നൽകുകയായിരുന്നുവെന്നും വൈദ്യുതിവകുപ്പിന്റെതന്നെ എസ്റ്റിമേറ്റ് തുകയെക്കാൾ ഉയർന്ന തുകയ്ക്കാണ് കരാർ നൽകിയതെന്നും, ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ടാണ് ഇക്കാ നഗർ സ്വദേശികൾ റവന്യൂ സെക്രട്ടറിയടക്കമുള്ള അധികൃതർക്ക് പരാതി നൽകിയത്.