തൊടുപുഴ : വിശക്കുന്നവനെ സഹായിക്കാം, വിശപ്പുണ്ടെങ്കിൽ ധൈര്യമായി ചെന്നെടുത്ത് കഴിക്കാം. തൊടുപുഴ മുനിസിപ്പൽ പാർക്കിനു മുന്നിലൊരുക്കിയിരിക്കുന്ന ഫുഡ് ഷെൽഫാണ് ഇനി നഗരത്തിലെ വിശക്കുന്നവന് ആശ്രയമാവുക.

ഫാ. ഡേവിസ് ചിറമേൽ ചാരിറ്റബിൾ ട്രസ്റ്റും വൈ.എം.സി.എ.യും ചേർന്ന് നടപ്പാക്കുന്ന വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായിട്ടാണ് തൊടുപുഴയിലും ഫുഡ്‌ ഷെൽഫ് സ്ഥാപിച്ചത്. വിശക്കുന്നവർക്ക് ഒരുപൊതി ചോറ് ദിവസവും ഉച്ചയ്ക്ക് 12 മുതൽ രണ്ടുവരെയുള്ള സമയത്ത് ഇവിടെ നിന്നെടുക്കാം. വൈ.എം.സി.എ. അംഗങ്ങളുടെയും സഹായമനസ്കരുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. ഇതിന്റെ ഉദ്ഘാടനം ട്രസ്റ്റ് ചെയർമാൻ ഫാ. ഡേവിസ് ചിറമേൽ നിർവഹിച്ചു. വൈ.എം.സി.എ. പ്രസിഡന്റ് ഡോ. എലിയാസ് തോമസ് അധ്യക്ഷനായി. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്, വാർഡ് കൗൺസിലർമാരായ ജയലക്ഷ്മി, അഡ്വ. ജോസഫ് ജോൺ, ആർ.ഹരി, എന്നിവർ പങ്കെടുത്തു.