നെടുങ്കണ്ടം : വിഷുദിനത്തിൽ നെടുങ്കണ്ടത്തെ സാക്ഷരതാ മിഷൻ ഓഫീസ് സാമൂഹികവിരുദ്ധർ അടിച്ചുതകർത്ത സംഭവത്തിൽ പ്രതികളെ പിടികൂടാതെ പോലീസ്. പ്രതികളാരൊക്കെയെന്ന് തിരിച്ചറിഞ്ഞെങ്കിലും ഇവർ ഒളിവിലാണെന്നാണ് പോലീസിന്റെ വിശദീകരണം. സംഭവത്തിൽ പ്രതികളെ രക്ഷിക്കാൻ രാഷ്ട്രീയ ഇടപെടലുകളുണ്ടായെന്നും ആക്ഷേപം.

സാക്ഷരതാ മിഷൻ ഓഫീസിന് സമീപത്തെ കോളനിയിലെ ചില ചെറുപ്പക്കാരാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് നൽകുന്ന സൂചന. എന്നാൽ, ഇവരെ പിടികൂടുന്നതിന് കാര്യക്ഷമമായ നടപടിയില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം. കെട്ടിടം അടിച്ചുതകർക്കുന്ന ശബ്ദംകേട്ട് പ്രദേശവാസികൾ ഓടിക്കൂടുകയും പഞ്ചായത്തംഗമായ അജീഷ് മുതുകുന്നേൽ സ്ഥലത്തെത്തുകയും ചെയ്തിരുന്നു. ഇതോടെ അക്രമികൾ സ്ഥലത്തുനിന്ന്‌ ഓടിരക്ഷപ്പെടുകയായിരുന്നു.

അക്രമിസംഘത്തിന്റേതെന്ന് സംശയിക്കുന്ന രണ്ട് ഇരുചക്രവാഹനങ്ങൾ സ്ഥലത്തുനിന്ന്‌ കണ്ടെത്തിയിരുന്നു. ഇത് നെടുങ്കണ്ടം പോലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരിക്കുകയാണ്. വാഹനത്തിന്റെ രേഖകൾ പരിശോധിച്ചതിൽനിന്നാണ് പ്രതികളുടെ വിവരം ലഭിച്ചതെന്ന് പോലീസ് അറിയിച്ചു. നാട്ടുകാർ വിളിച്ചറിയിച്ചതിനെത്തുടർന്ന് പോലീസ്‌ രാത്രിതന്നെ സ്ഥലത്തെത്തിയിരുന്നു.

എന്നാൽ, അക്രമികളെക്കുറിച്ച് വിവരം നൽകിയിട്ടും പോലീസ് നടപടിയെടുത്തില്ലെന്നും പ്രദേശവാസികൾ ആരോപിച്ചു. സാങ്കേതികത്വത്തിന്റെ പേരിൽ ആദ്യം പോലീസ് കേസെടുക്കാൻ തയ്യാറായില്ലെന്നും പിന്നീട് സാക്ഷരതാ മിഷൻ ജില്ലാ ഓഫീസിൽനിന്ന്‌ പരാതി ഇ-മെയിലായി അയച്ചുനൽകിയതിനുശേഷമാണ് സാക്ഷരതാ മിഷൻ പ്രേരകിന്റെ മൊഴി രേഖപ്പെടുത്തി കേസെടുത്തതെന്നും ജില്ലാ സാക്ഷരതാ മിഷൻ ഉദ്യോഗസ്ഥർ പറഞ്ഞു.