കുഞ്ചിത്തണ്ണി : റോഡിലേക്ക് ചരിഞ്ഞുനിൽക്കുന്ന ഉണക്ക ഈട്ടിമരം യാത്രക്കാർക്ക് ഭീഷണിയുയർത്തുന്നു. എല്ലക്കൽ-കുഞ്ചിത്തണ്ണി സംസ്ഥാനപാതയുടെ അരികിൽ തെക്കുംച്ചേരി ജോസിന്റെ പുരയിടത്തിലാണ് റോഡിലേക്ക് ചാഞ്ഞ് ഉണക്ക ഈട്ടിമരം നിൽക്കുന്നത്.

ആയിരക്കണക്കിന് വാഹനങ്ങൾ ദിനംപ്രതി കടന്നുപോകുന്ന തേക്കടി-മൂന്നാർ സംസ്ഥാനപാതയുടെ വശത്താണ് ഉണക്കമരം നൽക്കുന്നത്. അൻപത് ഇഞ്ച്‌ വണ്ണവും അൻപത് അടി ഉയരവുമുള്ള ഈട്ടിത്തടി ഉണങ്ങിയിട്ട് മാസങ്ങൾ പിന്നിട്ടു. ഈ മരത്തിന് തൊട്ടുതാഴെ പതിനൊന്ന് കെ.വി. വൈദ്യുതികമ്പിയും ത്രീഫേസ് വൈദ്യുതികമ്പിയും എൽ.ടി. വൈദ്യുതികമ്പിയും കടന്നുപോകുന്നുണ്ട്.

കഴിഞ്ഞ വർഷം റോഡിന്റെ നവീകരണപ്രവർത്തനങ്ങൾ വന്നപ്പോഴും ഈ മരത്തിന്റെ ഇരുവശത്തെയും മണ്ണ്‌ മാറ്റിയെങ്കിലും മരം വെട്ടിമാറ്റിയില്ല. അന്നുമുതൽ ഈ ഈട്ടിമരം കടപുഴകി വീഴുമെന്ന് നാട്ടുകാർക്ക് ഭീതിയുണ്ടായിരുന്നു.

ഇപ്പോൾ മരം ഉണങ്ങിയ സാഹചര്യത്തിൽ അപകടഭീഷണിയും കൂടി. ഈ റോഡിലൂടെ വാഹനത്തിലും നടന്നും പോകുന്ന ആളുകൾക്കെല്ലാം ഈ ഉണക്കമരം ഭീഷണിയാകുന്നു.

മരം മറിഞ്ഞുവീണാൽ മൂന്നു വൈദ്യുതികമ്പികളിൽനിന്ന് വൈദ്യുതിബന്ധമെടുത്തിരിക്കുന്ന മുഴുവൻ വീടുകളിലെയും ഇലക്ട്രിക് സാമഗ്രികൾ കത്തിനശിക്കും. ആദ്യം മരം 11 കെ.വി. വൈദ്യുതികമ്പിയിലേക്ക് വീഴുകയും തുടർന്ന് ഇത് ത്രീഫേസ് കമ്പികളിലേക്ക് വീഴുകയും ചെയ്യുന്നതിനാലാണിങ്ങനെ സംഭവിക്കുന്നത്. ഈട്ടിമരമായതിനാൽ നാട്ടുകാർക്ക് വെട്ടിമാറ്റുന്നതിന് പരിമിതിയുണ്ട്. വെള്ളത്തൂവൽ പഞ്ചായത്തും വനം വകുപ്പ് അധികൃതരും മുൻകൈയെടുത്ത് ഉണക്ക ഈട്ടിമരം വെട്ടിമാറ്റുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.