നെടുങ്കണ്ടം : കനത്ത മഴയിൽ മൺതിട്ടയിടിഞ്ഞ് നിർധന കുടുംബത്തിന്റെ വീട് അപകടാവസ്ഥയിൽ. നെടുങ്കണ്ടം-എഴുകുംവയൽ റോഡിൽ കവുന്തിയിൽ താമസിക്കുന്ന പ്ലാവിള പുത്തൻവീട്ടിൽ രഞ്ജിത്തിന്റെ വീടാണ് അപകടാവസ്ഥയിലായിരിക്കുന്നത്. ഇതോടെ കുടുംബത്തെ സമീപമുള്ള അങ്കണവാടിയിലേക്ക് മാറ്റിപ്പാർപ്പിച്ചു.

കഴിഞ്ഞ ദിവസമുണ്ടായ പെരുമഴയിലാണ് വീടിന്റെ മുൻപിലെ മൺതിട്ട ഇടിഞ്ഞുവീണത്. സംഭവത്തെത്തുടർന്ന് നെടുങ്കണ്ടം പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു. നിർധനരായ കുടുംബം കഴിഞ്ഞ 30 വർഷമായി എഴുകുംവയൽ റോഡരികിലെ രണ്ട് സെന്റ് പുരയിടത്തിലാണ് താമസിക്കുന്നത്. രഞ്ജിത്ത് കൂലിപ്പണിയെടുത്താണ് പ്രായമായ മാതാപിതാക്കളും ഭാര്യയും പിഞ്ചുകുഞ്ഞും അടങ്ങുന്ന കുടുംബംപോറ്റുന്നത്. ഓരോതവണ മഴ പെയ്യുമ്പോഴും രഞ്ജിത്തിന്റെയുള്ളിൽ ആധി വർധിക്കും. അടച്ചുറപ്പുള്ള വീടിന് സർക്കാർ കനിഞ്ഞെങ്കിൽ മാത്രമേ ഇവർക്ക് ജീവിതം ഇനി മുമ്പോട്ട് കൊണ്ടുപോകാനാകൂ.