ചെറുതോണി : ഇടുക്കിയിൽ മഴ ശമിച്ചെങ്കിലും അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുന്നു. കല്ലാർ ഡാം തുറന്നുവിട്ടെങ്കിലും ഇടുക്കിയിലേക്കുള്ള നീരൊഴുക്ക് വർധിക്കുന്ന അവസ്ഥയാണ്. ഞായറാഴ്ച വൈകീട്ട് അഞ്ചിന് അണക്കെട്ടിൽ ജലനിരപ്പ് 2396.04 അടിയാണ്. ഈ നില തുടർന്നാൽ ഇന്ന് 2398- ലെത്തുമെന്നും 2018-ലേതിന് സമാനമായ അവസ്ഥയുണ്ടാകുമെന്നും വ്യാപാരികൾ പറഞ്ഞു.

2018-ൽ ജലനിരപ്പ് 2395 അടിയിലെത്തിയപ്പോൾ ഡാം തുറന്ന് വിടണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അധികൃതർ അനുമതി നല്കിയില്ല. രണ്ട് ദിവസം കൊണ്ട് അണക്കെട്ടിൽ ക്രമാതീതമായി ജലനിരപ്പുയർന്ന് എല്ലാ ഷട്ടറുകളും പരമാവധി ഉയരത്തിൽ തുറന്നുവിട്ടതിനാൽ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. ചെറുതോണിയിൽ മാത്രം അൻപതോളം വ്യാപാരസ്ഥാപനങ്ങളും നിരവധി വീടുകളും നഷ്ടപ്പെട്ടു. നെടുമ്പാശ്ശേരി, ആലുവ, എറണാകുളം പ്രദേശങ്ങളിൽ വരെ ഇതിന്റെ പ്രത്യാഘാതങ്ങളുണ്ടായി. സമാനമായ അവസ്ഥയാണ് നിലവിലുള്ളത്. ശനിയാഴ്ച മാത്രം നാലടിയോളം വെള്ളമുയർന്നു. ഞായറാഴ്ച ഒരടിയോളം വെള്ളമുയർന്നിട്ടുണ്ട്. ഈ നില തുടർന്നാൽ ഇന്നോ നാളെയോ സ്ഥിതി നിയന്ത്രണാതീതമാകും. അതിനാൽ ഇപ്പോൾ തന്നെ ചെറുതോണി അണക്കെട്ടിലെ ഒരു ഷട്ടർ ചെറിയ തോതിൽ തുറന്നുവിട്ട് വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കണമെന്ന് ചെറുതോണി, തടിയമ്പാട്, കരിമ്പൻ തുടങ്ങിയ പ്രദേശങ്ങളിലെ വ്യാപാരികൾ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ചെറുതോണി യൂണിറ്റ് പ്രസിഡന്റ് ജോസ് കുഴികണ്ടം റവന്യൂ വകുപ്പ് മന്ത്രി, വൈദ്യുതിവകുപ്പ് മന്ത്രി, ജലവിഭവ വകുപ്പ് മന്ത്രി, ജില്ലാ കളക്ടർ എന്നിവർക്ക് നിവേദനം നൽകി. ചെറുതോണി അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി പാലം പണിയുന്നവരോട് മുൻകരുതലെടുക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർക്കും ജാഗ്രതാ നിർദേശങ്ങൾ നല്കി.