ഉപ്പുതറ : ചീന്തലറിൽ ഉരുൾപൊട്ടി ചിന്നാർ പുഴയുടെ തീരത്തെ 12 വീടുകളിൽ വെള്ളംകയറി. വീട്ടുപകരണങ്ങൾ ഒലിച്ചുപോയി.

കൈതപ്പതാൽ മലയിൽ ശ്യാമള കുഞ്ഞുമോൻ, ശ്രീശൈലം രാജേശ്വരി, തൈമൂട്ടിൽ ടോമി, പള്ളിപ്പറമ്പിൽ സന്ധ്യ സുരേഷ്, കാവുപള്ളിൽ ജോസ്, മടുക്കോലി പറമ്പിൽ അബ്ദുൾ സലാം, ഇരട്ടമുണ്ടേൽ ലെനി റജി, ഓമംഗലത്ത് ശാരദ വേലു, ഗിരിനിവാസ് ഗംഗാധരൻ, വാതല്ലൂർ ജോയിക്കുട്ടി, വള്ളാംകടവിൽ മാത്യു, പുത്തൻവീട് പരമേശ്വരൻ എന്നിവരുടെ വീടുകളിലാണ് വെള്ളംകയറി വീട്ടുപകരണങ്ങൾ ഒലിച്ചുപോയത്.

കനത്തമഴയിൽ ശനിയാഴ്ച ഉച്ചയോടെ ചിന്നാർ പുഴയിൽ വെള്ളം ഉയർന്നു തുടങ്ങിയിരുന്നു. അതിനിടെ ചീന്തലാറിൽ ഉരുൾപൊട്ടൽ ഉണ്ടായതോടെ വെള്ളം പെട്ടെന്നുയരുകയും വീടുകളിലേക്ക് ഇരച്ചുകയറുകയുമായിരുന്നു.

തലനാരിഴയ്ക്ക് വീട്ടിലുള്ളവർ സുരക്ഷിത സ്ഥാനത്തേക്ക് ഓടിമാറി. വീട്ടുപകരണങ്ങൾ എല്ലാം ഒലിച്ചുപോയി. ഉടുതുണി മാത്രമാണ് അവശേഷിച്ചത്. പഞ്ചായത്ത് പ്രതിനിധികളും, റവന്യൂ ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് നഷ്ടം വിലയിരുത്തി.