മാങ്കുളം : കോവിഡ് രൂക്ഷമായ മാങ്കുളത്ത് രോഗികൾക്ക് വേണ്ട മരുന്ന് എത്തിച്ചു നൽകി സന്നദ്ധസേനയുടെ മാതൃകാ പ്രവർത്തനം. ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ വരുന്ന 13 വാർഡുകളിലും ഈ സന്നദ്ധ സേനയുടെ സേവനം ഉണ്ട്. ഇതുവരെ 52 വീടുകളിൽ മരുന്ന് എത്തിച്ചുനൽകി.

ഗ്രാമപ്പഞ്ചായത്ത് മുൻകൈ എടുത്താണ് സേനയ്ക്ക് രൂപം നൽകിയത്.ഇ.എസ്.സുധീഷ് എടയാടികുഴിയുടെ നേതൃത്വത്തിൽ ഒമ്പത് പേരാണ് സംഘത്തിൽ ഉള്ളത്. കോവിഡ് മൂലം

യാത്രാവിലക്ക് ഉള്ളതിനാൽ നിത്യരോഗികൾക്കും മറ്റും മരുന്ന് കിട്ടാത്ത സാഹചര്യം ഉണ്ട്.പലരും അടിമാലി,എറണാകുളം ഭാഗങ്ങളിൽനിന്നാണ് സ്ഥിരമായി മരുന്ന് വാങ്ങിയിരുന്നത്.സമ്പൂർണ അടച്ചിടൽ വന്നതോടെ എല്ലാറ്റിനും തടസ്സം നേരിടുന്ന അവസ്ഥയായി.സുധീഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പ്രവർത്തനം ഈ ഘട്ടത്തിൽ ആണ് നാട്ടുകാർക്ക് അനുഗ്രഹമായത്. ആവശ്യമുള്ളവർക്ക് അടിമാലി,തൊടുപുഴ, കോതമംഗലം തുടങ്ങി വിവിധ സ്ഥലങ്ങളിൽനിന്നു മരുന്ന് വാങ്ങി വീട്ടിൽ എത്തിച്ചുനൽകുന്നുണ്ടെന്ന് സുധീഷ് പറഞ്ഞു.മരുന്ന് അവശ്യമുള്ളവരുടെ വിവരങ്ങൾ ശേഖരിച്ച് ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമാണ് മരുന്ന് വാങ്ങിക്കാൻ പോവുന്നത്.

നിർമാണ രംഗത്ത് പ്രവർത്തിക്കുന്ന സുധീഷിന്റെ നേതൃത്വത്തിൽ കഴിഞ്ഞ കോവിഡ് കാലത്തും ഇവർ വീടുകളിൽ മരുന്ന് എത്തിച്ചുനൽകിയിരുന്നു. സൗജന്യമായാണ് മരുന്ന് എത്തിച്ചുനൽകുന്നത്. ബൈക്കുകളിൽ ആണ് മരുന്ന് വാങ്ങിക്കാൻ പോവുന്നത്. യാത്രാ ചെലവിന് പഞ്ചായത്തിന്റെ സഹായധനം ഉണ്ട്.