വാഗമൺ : ബന്ധുവീട്ടിൽ നടന്ന വിവാഹത്തിൽ പങ്കെടുക്കാൻ പോയ കറുപ്പമ്മയ്ക്ക് തിരിച്ചെത്തുമ്പോൾ കാണാനായത് ഉളുപ്പുണിയിലെ പഞ്ഞിക്കുന്നിലുള്ള തന്റെ വീട് ഒരുപിടി ചാരമായതാണ്. സ്വരുക്കൂട്ടിയ പണവും സ്വർണവും രേഖകളുമെല്ലാം അഗ്നിയിലെരിഞ്ഞു.

ബുധനാഴ്ച രാത്രിയാണ് പുതുവലിൽ ഇലവുങ്കൽ വീട്ടിൽ കറുപ്പമ്മ (47) യുടെ വീട് അഗ്നിക്കിരയായത്. തീപിടിച്ച സമയത്ത് വീട്ടിൽ ആരുമില്ലായിരുന്നു. കറുപ്പമ്മയും മകളുമാണ് ഇവിടെ താമസിച്ചിരുന്നത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് അഗ്നിബാധ ഉണ്ടായത്. കറുപ്പമ്മ ബന്ധുവീട്ടിൽ വിവാഹത്തിനു പങ്കെടുക്കാൻ പോയിരിക്കുകയായിരുന്നു.

മകൾ അടുത്തുള്ള ബന്ധുവീട്ടിലായിരുന്നു. അടുപ്പിന് മുകളിൽ ഉണങ്ങാൻവെച്ച വിറകിനു തീ പിടിച്ചതാവാം അഗ്നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമികനിഗമനം. ചിട്ടി പിടിച്ച തുകയായ നാൽപ്പതിനായിരം രൂപയും ഒന്നരപ്പവൻ സ്വർണവും മകളുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖകളും കത്തിനശിച്ചു. ഗൃഹോപകരണങ്ങളും തുണിയടക്കം മറ്റുസാമഗ്രഹികളും ഉപയോഗശൂന്യമായി. വില്ലേജ് അധികാരികളും വാഗമൺ പോലീസും സ്ഥലം സന്ദർശിച്ചു.