തൊടുപുഴ : മുൻ കോൺഗ്രസ് നേതാവ് കെ.ടി.മൈക്കിൾ എൻ.സി.പി. ജില്ലാ അധ്യക്ഷനായി സ്ഥാനമേറ്റു. ഇതോടൊപ്പം പുതിയ ജില്ലാ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോ നിർവഹിച്ചു.

മനംമടുത്ത് മറ്റുപാർട്ടികളിലേക്ക് പോകുന്നവരെക്കാൾ കോൺഗ്രസിന് ദോഷം ചെയ്യുന്നത് അസംതൃപ്തരായി പാർട്ടിയിൽത്തന്നെ നിൽക്കുന്നവരാണെന്ന് പി.സി.ചാക്കോ പറഞ്ഞു.

കെ.ടി.മൈക്കിൾ കെ.പി.സി.സി. അംഗം, ഡി.സി.സി. വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നെടുങ്കണ്ടം ഡിവിഷനിൽനിന്ന് രണ്ടുതവണ ജില്ലാ പഞ്ചായത്തംഗമായിരുന്നു. ഒരുതവണ സ്ഥിരംസമിതി അധ്യക്ഷനുമായി. ഏതാനും ദിവസം മുൻപാണ് എൻ.സി.പി.യിൽ ചേർന്നത്. പുനഃസംഘടനയിൽ ഇദ്ദേഹത്തിന് ജില്ലാ പ്രസിഡന്റ് സ്ഥാനം ലഭിക്കുകയായിരുന്നു.

സീനിയർ വൈസ് പ്രസിഡന്റുമാരായ പി.കെ.രാജൻ, ലതിക സുഭാഷ്, ജനറൽ സെക്രട്ടറി എ.ആർ.രാജൻ, സി.കെ.വിദ്യാസാഗർ, മുൻ ജില്ലാ പ്രസിഡന്റ് അനിൽ കൂവപ്ലാക്കൽ, എൽ.ഡി.എഫ്. നേതാക്കളായ ജോർജ് അഗസ്റ്റിൻ, കെ.സലിംകുമാർ തുടങ്ങിയവർ സംസാരിച്ചു.