മൂന്നാർ : ഇടമലക്കുടിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവാവിന്റെ മൃതദേഹം കുടിയിൽതന്നെ പരിശോധിച്ചു.

ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്നുള്ള ഡോക്ടർമാർ സ്ഥലത്തെത്തിയാണ് പരിശോധനകൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്. ഇടമലക്കുടിയിൽ കനത്തമഴ തുടരുന്ന സാഹചര്യത്തിൽ മൃതദേഹം അടിമാലിയിലെത്തിക്കുന്നതിന് ബുദ്ധിമുട്ടായതിനെ തുടർന്നായിരുന്നു നടപടി. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് കണ്ടോത്തു കുടിയിൽ ജി.ഗണേശനെ(45) കാട്ടുപോത്ത് ആക്രമിച്ചത്. മുറിവേറ്റുകിടന്ന ഇയാൾ ഫോണിൽ മകനെ വിളിച്ച് വിവരമറിയിച്ചു. മകനും അയൽവാസികളും ചേർന്ന് ഇയാളെ വീട്ടിലെത്തിച്ചെങ്കിലും വൈകീട്ടോടെ മരിച്ചു. വ്യാഴാഴ്ച രാവിലെയാണ് മൂന്നാർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചത്. പൊന്നമ്മയാണ് മരിച്ച ഗണേശന്റെ ഭാര്യ. മക്കൾ. പ്രവീൺ, മോഹനൻ.