ചെറുതോണി : തോരാതെ പെയ്ത മഴയിൽ വാഴത്തോപ്പ്, കാമാക്ഷി, മരിയാപുരം, വാത്തിക്കുടി, കഞ്ഞിക്കുഴി പഞ്ചായത്തുകളിൽ വ്യാപകമായി കൃഷിനശിച്ചു. ഏലം, കുരുമുളക്, വാഴ, മരച്ചീനി, പച്ചക്കറികൾ, ചേമ്പ്, ചേന തുടങ്ങിയ വിളകളാണ് ഏറെയും നശിച്ചത്. ശക്തമായ മഴയിൽ താഴ്ന്നപ്രദേശങ്ങളിൽ വെള്ളം കയറിയാണ് കൃഷിനാശമുണ്ടായത്. വാത്തിക്കുടി പഞ്ചായത്തിലെ പടമുഖം, വാത്തിക്കുടി മേഖലകളിലും, കാമാക്ഷി പഞ്ചായത്തിലെ കാമാക്ഷി, പാറക്കടവ് മേഖലകളിലുമാണ് ഏറെയും കൃഷിനാശമുണ്ടായത്. കാമാക്ഷി പാറക്കടവിൽ പത്തോളം വീടുകളിൽ വെള്ളംകയറി. അഞ്ച് വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു. പാണ്ടിപ്പാറ ഇരുകൂട്ടിയിൽ രണ്ട് വീടുകൾക്ക് മുകളിലേക്ക്‌ മണ്ണിടിഞ്ഞുവീണതിനെ തുടർന്ന് വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു. കൈനാനിപ്പടി ചെമ്പകപ്പാറ റോഡിൽ മൂന്ന് ഇടങ്ങളിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. കാമാക്ഷി അമ്പലമേട് റോഡിൽ രണ്ട് ഇടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. അടിമാലി-കുമളി ദേശീയപാതയിൽ നിരവധി സ്ഥലത്ത് മണ്ണിടിഞ്ഞു. ചെറുതോണി കുളമാവ് റോഡിൽ മണ്ണിട്ടിഞ്ഞുവീണും മരം ഒടിഞ്ഞുവീണും രണ്ടിടങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. പ്രകാശ് കരിക്കിൻമേട് ഇല്ലിമൂട്ടിൽ ഡോമിനിക്കിന്റെ വീടിന്റെ വയറിങ് ഇടിമിന്നലേറ്റ് കത്തിനശിച്ചു.

ചെറുതോണി തോട് കരകവിഞ്ഞ് വീടുകളിൽ വെള്ളംകയറി. മഴ തുടരുന്ന സാഹചര്യത്തിൽ നാശനഷ്ടങ്ങളുടെ കണക്ക് വർധിക്കുവാനാണ് സാധ്യത.