തൊടുപുഴ : നിർത്താതെ നാലുമണിക്കൂറിലേറെ പെയ്ത മഴയിൽ തൊടുപുഴ നഗരം പൂർണമായും പുഴയായി മാറി. കനത്ത വെള്ളക്കെട്ടിൽ നഗരത്തിലെ ഗതാഗതം പൂർണമായി സ്തംഭിച്ചു. വെള്ളത്തിൽ മുങ്ങി വാഹനങ്ങൾക്ക് കേടുപാടുകളുണ്ടായി. ഗതാഗതക്കുരുക്കും രൂപപ്പെട്ടു. അമ്പലം ബൈപ്പാസ് റോഡ്, മങ്ങാട്ടുകവല-ജില്ലാ ആശുപത്രി റോഡ്, പ്രൈവറ്റ് ബസ്‌സ്റ്റാൻഡ് പരിസരം, റോട്ടറി കവല, കാരിക്കോട്-തെക്കുംഭാഗം റോഡ് മൗണ്ട് സീനായി റോഡ്, മണക്കാട് റോഡ് എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. പെരുമ്പള്ളിച്ചിറ മുണ്ടയ്ക്കൽ ഫാരിഷരയുടെ വീടിന്റെ പിൻവശത്തെ സംരക്ഷണഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയിലായി.

ചപ്പാത്തിൽവെള്ളം കയറി

തൊമ്മൻകുത്ത്: തൊമ്മൻകുത്ത് ചപ്പാത്ത് വെള്ളം മൂടി. തൊമ്മൻകുത്ത് തൊടുപുഴ വണ്ണപ്പുറം റോഡിൽ വാഹന ഗതാഗതം നിലച്ചു. മണ്ണൂക്കാട് ചപ്പാത്ത്‌ പൂർണമായും വെള്ളത്തിൽ മുങ്ങിപ്പോയി.

വെള്ളത്തിൽ മുങ്ങി വെള്ളിയാമറ്റം

വെള്ളിയാമറ്റം : വടക്കനാർ കരവിഞ്ഞ് വെള്ളിയാമറ്റം വെള്ളത്തിൽ മുങ്ങി. പുഴക്കിരുകരകളിലും താമസിക്കുന്നവരുടെ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ഇതിനിടെ കറുകപ്പള്ളിപ്പാലം മൂടിയതോടെ വെള്ളിയാമറ്റം- തൊടുപുഴ റോഡിൽ ഗതാഗതം നിലച്ചു.

വീട് തകർന്നു

പൂച്ചപ്ര : തുമ്പിച്ചിയിലുണ്ടായ ഉരുളു പൊട്ടലിൽ പൂച്ചപ്രയിൽ രണ്ടുവീടുകൾ ഭാഗികമായി തകർന്നു. കൊച്ചുപുരയ്ക്കൽ പങ്കജാക്ഷി, കൊല്ലം കുന്നേൽ മുരളി എന്നിവരുടെ വീടിനും പുരയിടത്തിനുമാണ് നാശമുണ്ടായത്.

ശനിയാഴ്ച 12-നായിരുന്നു സംഭവം. ഇടുക്കി പുളിയന്മല റോഡിൽ തുമ്പിച്ചി ഭാഗത്തുനിന്നാണ് ഉരുളുപൊട്ടി എത്തിയത്. രണ്ടു കുടുംബങ്ങളെയും പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ മാറ്റി പാർപ്പിച്ചു.

കനാലിലേക്ക് റോഡ് ഇടിഞ്ഞു

ഇടവെട്ടി കനാൽബണ്ട് എം.വി.ഐ.പി. റോഡ് പുഞ്ചക്കുന്ന് ഭാഗത്ത് കനാലിലേക്ക് റോഡ് ഇടിഞ്ഞുതാഴ്ന്നു. ഇതേത്തുടർന്ന് വാഹന ഗതാഗതം നിലച്ചു.