മറയൂർ : മറയൂർ, കാന്തല്ലൂർ മേഖലയിലെ സ്വകാര്യ ഭൂമിയിൽ നിന്നും ചന്ദനക്കടത്ത് തുടർക്കഥയാകുന്നു. മറയൂർ പഞ്ചായത്തിലെ മൈക്കിൾഗിരിയിൽ നിന്നും രണ്ടു ചന്ദനമരങ്ങൾ കഴിഞ്ഞദിവസം മുറിച്ചുകടത്തി. മൈക്കിൾ ഗിരി മഠത്തിലെ കൃഷിയിടത്തിൽ നിന്ന് ഒരു ചന്ദനമരം മുറിച്ചു. സമീപമുള്ള കുപ്പോഴക്കൽ തോമസിന്റെ വീടിന് മുൻവശത്തുള്ള ചന്ദനമരവും മുറിച്ചുകടത്തി. ശബ്ദം കേൾക്കാതിരിക്കുവാൻ മുകൾ ഭാഗം മരത്തിൽ കെട്ടി നടുഭാഗമാണ് വെട്ടി കടത്തിയിരിക്കുന്നത്. മൈക്കിൾ ഗിരി, ദെണ്ഡു കൊമ്പ്, കൂടവയൽ മേഖലകളിൽ നിന്നും ഒരു മാസത്തിനുള്ളിൽ നിരവധി മരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്.