തൊടുപുഴ : തോരാതെ പെയ്ത കനത്തമഴയിൽ ഇടുക്കിയിൽ വ്യാപകനാശം. രണ്ടുമരണം. മൂന്നിടത്ത് ഉരുൾപൊട്ടി. വീടുകൾ തകർന്നു. കൃഷിനാശവുമുണ്ടായി. മഴ ശക്തമായ സാഹചര്യത്തിൽ ജില്ലയിൽ 'റെഡ് അലർട്ട്' പുറപ്പെടുവിച്ചു. പ്രധാനപ്പെട്ട നദികളെല്ലാം കരകവിയുന്ന സാഹചര്യമാണ്. ജലനിരപ്പുയർന്നതിനെ തുടർന്ന് ചെറു അണക്കെട്ടുകളും തുറന്നു. വൃഷ്ടിപ്രദേശത്ത് കനത്ത മഴ പെയ്യുന്നതിനാൽ ഇടുക്കി, മുല്ലപ്പെരിയാർ, പൊൻമുടി അണക്കെട്ടുകളിലും ജലനിരപ്പുയരുകയാണ്.

തൊടുപുഴ നഗരത്തിൽ വെള്ളക്കെട്ടുണ്ടായി. ഹൈറേഞ്ച് മേഖലയിലെ പല പ്രധാന റോഡുകളിലും മരംവീണും, മണ്ണിടിഞ്ഞും ഗതാഗതം തടസ്സപ്പെട്ടു. ജില്ലയിൽ അൻപതിലേറെ വീടുകൾ തകർന്നിട്ടുണ്ട്. ജില്ലയിലേക്കുള്ള രാത്രിയാത്ര 20 വരെ നിരോധിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ കയാക്കിങ്, ബോട്ടിങ് തുടങ്ങിയവയും അടിയന്തരമായി നിർത്തിവെയ്ക്കാൻ കളക്ടർ ഉത്തരവിട്ടു. മൂലമറ്റത്തിന് സമീപം കാർ ഒഴുക്കിൽപ്പെട്ടാണ് രണ്ടുപേർ മരിച്ചത്.

ഉരുൾപൊട്ടൽ

കനത്ത മഴയിൽ കാഞ്ഞാർ-കൂവപ്പള്ളി, തൊടുപുഴ-പുളിയൻമല സംസ്ഥാന പാതയിലെ തുമ്പിച്ചി, കോട്ടയം-കുമളി റോഡിൽ കുട്ടിക്കാനത്തിനടുത്ത് പുല്ലുപാറ എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടിയത്. കല്ലും മണ്ണും വെള്ളവുമെല്ലാം റോഡിലേക്ക് ഒഴുകിയെത്തി ഇവിടങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. തുമ്പിച്ചിയിലുണ്ടായ ഉരുൾപൊട്ടലിൽ രണ്ടുവീടുകളും തകർന്നിട്ടുണ്ട്. ആളപായമില്ല. മലയിഞ്ചി ചേലകാട് മലയിലും മണ്ണിടിച്ചിലുണ്ടായി. മുട്ടം-തൊടുപുഴ റോഡിൽ ഒളമറ്റത്ത് റോഡിലേക്ക് വലിയ കല്ലുവീണു. ഈ സമയം വാഹനങ്ങളൊന്നും ഇതുവഴിയെത്താതിരുന്നതിനാൽ അപകടമൊഴിവായി.

പൂച്ചപ്രയിൽ ഉരുൾപൊട്ടി രണ്ടു വീടുകൾ ഭാഗികമായി തകർന്നു. കൊച്ചുപുരയ്ക്കൽ പങ്കജാക്ഷി, കൊല്ലംകുന്നേൽ മുരളി എന്നിവരുടെ വീടിനും പുരയിടത്തിനുമാണ് നാശമുണ്ടായത്.

ശനിയാഴ്ച 12 മണിക്കായിരുന്നു സംഭവം. ഇടുക്കി പുലിയന്മല റോഡിൽ തുമ്പിച്ചി ഭാഗത്താണ് ഉരുൾപൊട്ടിയത്. രണ്ടു കുടുംബങ്ങളെയും പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ മാറ്റിപ്പാർപ്പിച്ചു.

പെരുവന്താനം : ദേശീയപാത 183-ൽ പുല്ലുപാറ ഭാഗത്ത് ഉരുൾപൊട്ടി ഗതാഗതം തടസ്സപ്പെട്ടു. ശനിയാഴ്ച രാവിലെ മുതൽ പെയ്ത ശക്തമായ മഴയിലാണ് പുല്ലുപാറയിൽ ഉരുൾപൊട്ടിയത്. വലിയ കല്ലുകളും മണ്ണും റോഡിലേക്ക് എത്തിയതോടെ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. രാവിലെ ഒൻപതുമണിയോടെയാണ് സംഭവമുണ്ടായത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പീരുമേട്ടിൽനിന്നു അഗ്നിരക്ഷാസേനയെത്തിയാണ് തടസ്സം നീക്കിയത്. പുല്ലുപാറയിലെ കച്ചവട സ്ഥാപനങ്ങൾക്ക് സമീപമാണ് മണ്ണും കല്ലും ഒലിച്ചെത്തിയത്.

പൂമാല കിഴക്കേ മേത്തൊട്ടിയിൽ കൈയ്ക്കൽ തങ്കപ്പൻ, കരിമ്പൻ എന്നിവരുടെ പുരയിടത്തിൽ ഉരുൾപൊട്ടി. മൂന്ന് ഏക്കറോളം കൃഷിഭൂമി ഒലിച്ചുപോയി കൊക്കോ, കാപ്പി, ജാതി, കുരുമുളകുചെടികൾ, കവുങ്ങ് എന്നിവയാണ് പൂർണമായും ഒലിച്ചുപോയത്. പടിഞ്ഞാറെ മേത്തൊട്ടിയിൽ നെടിയേറ്റ് ഭാഗത്തും ഉരുൾപൊട്ടൽ ഉണ്ടായി. കുട്ടൻ പുല്ലുകാലയിൽ എന്നയാളുടെ വീടിന്റെ മുറ്റംമിടിഞ്ഞ് വീട് അപകടാവസ്ഥയിലായി. വെള്ളിയാമറ്റം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മോഹൻദാസ് പുതുശ്ശേരി, വാർഡ് മെമ്പർ അഭിലാഷ് രാജൻ, എസ്.ടി.പ്രമോട്ടർ രാജി ചാർളി തുടങ്ങിയവർ പ്രദേശം സന്ദർശിച്ചു.

അണക്കെട്ടുകൾ നിറയുന്നു

: അടിമാലി, മൂന്നാർ മേഖലകളിലും പരക്കെ മഴ. ജലനിരപ്പുയർന്നതിനെത്തുടർന്ന് കല്ലാർകുട്ടി അണക്കെട്ട് തുറന്നു.

സമീപ മേഖലകളിലെ അണക്കെട്ടുകളായ പൊൻമുടി, ചെങ്കുളം, മാട്ടുപ്പട്ടി അണക്കെട്ടുകളിലും ജലനിരപ്പുയർന്നു. ജാഗ്രതാ നടപടിയുടെ ഭാഗമായി ദേവികുളം ഗ്യാപ്പ് റോഡിലൂടെയുള്ള യാത്രയ്ക്ക് താത്കാലികമായി നിരോധനമേർപ്പെടുത്തി. മാട്ടുപ്പെട്ടി ബോട്ടിങ് സെന്ററിൽ മഴയെത്തുടർന്ന് ബോട്ടിങ്‌ താത്കാലികമായി നിർത്തിവെച്ചു.

കരകവിഞ്ഞ് നദികൾ

കനത്തമഴയെ തുടർന്ന് ജില്ലയിൽ നദികൾ കരകവിഞ്ഞൊഴുകുകയാണ്. മലങ്കര അണക്കെട്ടിൽനിന്ന് ജലം തുറന്നുവിട്ടതിനെ തുടർന്ന് മൂവാറ്റുപുഴയാറിന്റെ തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണിയുണ്ട്. പെരിയാർ നദിയുടെ കരകളിലും വെള്ളംകയറി. ഉപ്പുതറ ചപ്പാത്തിലും, തൊമ്മൻകുത്ത് ചപ്പാത്തിലും വെള്ളംകയറി. കല്ലാർ, ചിന്നാർ പുഴകളുടെ കരകളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

അതിവേഗ നടപടി

നഗരപ്രദേശങ്ങളിലും താഴ്ന്നപ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കമുണ്ടാകാനും സാധ്യതയുണ്ട്. ഇത് മുന്നിൽകണ്ടുകൊണ്ടുള്ള മുൻകരുതലുകൾ സ്വീകരിക്കാൻ താലൂക്കുതല ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും ജില്ലാ കളക്ടർ നിർദേശം നൽകി.

അണക്കെട്ടുകളുടെ റൂൾ കർവുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെറിയ ഡാമുകളിൽ നേരത്തെ തന്നെ തയ്യാറെടുപ്പുകൾ നടത്താനും കെ.എസ്.ഇ.ബി. ഇറിഗേഷൻ, ജല അതോറിറ്റി വകുപ്പുകൾക്ക് നിർദേശം നൽകി. നദികളിലെ ജലനിരപ്പ് ഉയരുന്നത് സംബന്ധിച്ച് പ്രത്യേകം നിരീക്ഷണവും നടത്തും.

ആവശ്യമായ ഘട്ടങ്ങളിൽ ആളുകളെ മുൻകൂട്ടി തന്നെ മാറ്റിത്താമസിപ്പിക്കും. താലൂക്ക് കൺട്രോൾ റൂമുകളും ജില്ലാ കൺട്രോൾ റൂമുകളും 24 മണിക്കൂറും പ്രവർത്തിക്കും.

അറിയാം, നിർദേശങ്ങൾ

തൊഴിലുറപ്പ് ജോലികൾ നിർത്തിവെയ്ക്കും

വിനോദസഞ്ചാരകേന്ദ്രങ്ങളിലെ കയാക്കിങ്, ബോട്ടിങ് എന്നിവ അടിയന്തരമായി നിർത്തിവെച്ചു

തോട്ടം മേഖലകളിൽ മരങ്ങളും മറ്റും ഒടിഞ്ഞുവീഴുന്നതിന് സാധ്യതയുള്ളതിനാൽ തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിക്കുന്നതും നിർത്തിവെച്ചു.

രാത്രികാല യാത്രാനിരോധനം 20 വരെ നീട്ടി.

സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് വീട്‌ തകർന്നു

ഇടവെട്ടി : കനത്തമഴയിൽ സംരക്ഷണഭിത്തിയിടിഞ്ഞ് വീട്‌ തകർന്നു. മറ്റൊരു വീട് അപകടാവസ്ഥയിൽ. മാർത്തോമ കുഴികണ്ടത്തിൽ ഭാർഗവി പ്രഭാകരന്റെ വീടാണ് ശനിയാഴ്ച രാവിലെ 11.30-ഓടെ തകർന്നത്. സമീപവാസിയായ ആനകെട്ടിപറമ്പിൽ സലിമിന്റെ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് ഭാർഗവിയുടെ വീടിന് മുകളിലേക്ക്‌ വീഴുകയായിരുന്നു.

വീടിന് പിന്നിലെ ഭിത്തി തകർന്ന് മുറിക്കുള്ളിൽ കല്ലും മണ്ണും നിറഞ്ഞു. വീടിന് പിന്നിലെ മുറിയിൽ ആരും ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. ഭാർഗവിയുടെ മകൻ പ്രസന്നന്റെ ഭാര്യയും നാലുമാസം പ്രായമുള്ള കുഞ്ഞും വീട്ടിലുണ്ടായിരുന്നു. ഇവർ ശബ്ദംകേട്ട് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് ഷീജാ നൗഷാദ്, പഞ്ചായത്തംഗം ബിൻസി മാർട്ടിൻ, ബ്ലോക്ക് പഞ്ചായത്തംഗം വി.കെ. അജിനാസ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.