കുമളി : കനത്ത മഴയിൽ കുമളിയുടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. വണ്ടിപ്പെരിയാറിൽ വെള്ളം കയറിയത് മണിക്കൂറുകൾ നീണ്ട കുമളി റൂട്ടിൽ ഗതാഗത തടസ്സത്തിനും കാരണമായി.

ഇടവിട്ട് പെയ്യുന്ന ശക്തമായ മഴയിൽ പെരിയാർ കോളനി, കുഴിക്കണ്ടം, വലിയ കണ്ടം പോലെയുള്ള സ്ഥലങ്ങളിൽ വെള്ളം കയറി. പെരിയാർ കോളനിയിലെ 36 കുടുംബങ്ങളെ കുമളി ഹോളിഡേ ഹോമിലേക്ക്‌ മാറ്റി പാർപ്പിച്ചു. പെരിയാർ കോളനിയിലെ തോട് വീതികൂട്ടി എങ്കിലും ശക്തമായ മഴ വെള്ളം കയറാൻ കാരണമായി.

കുമളി പഞ്ചായത്ത് പ്രസിഡൻറ് ശാന്തി ഷാജിമോൻ, പഞ്ചായത്തംഗം വിനോദ് ഗോപി, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരെത്തിയാണ് കോളനി നിവാസികളെ മാറ്റിയത്. വെള്ളം ഇറങ്ങുന്ന സാഹചര്യത്തിൽ ഇവരെ തിരികെ വീടുകളിൽ എത്തിക്കും. കുമളി സ്പ്രിങ്ങ് വാലിക്ക് സമീപം കെ.കെ.റോഡിലേക്ക്‌ മണ്ണിടിഞ്ഞു, റോഡിലേക്ക്‌ മരംവീണതും ഗതാഗതതടസ്സത്തിന് കാരണമായി.

മുരുക്കടി അഞ്ചാം നമ്പർ കോളനിയിൽ ഉരുൾപൊട്ടി കൃഷിസ്ഥലം ഒലിച്ചുപോയി. മുരുക്കടി ഗെയ്റ്റിങ്കൽ മണിയുടെ വീടിന്റെ സംരക്ഷണഭിത്തിയും തകർന്നു. കുമളിയുടെ വിവിധ കൈത്തോടുകളും ശക്തമായ മഴയിൽ നിറഞ്ഞ് കവിഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവിൻ പ്രകാരം തേക്കടിയിൽ ബോട്ട് സർവീസ് ഉച്ചയോടെ നിർത്തി.

വണ്ടിപ്പെരിയാറിലും വിവിധ പ്രദേശം വെള്ളത്തിലായി.

പെരിയാർ നദിയും, പെരിയാർ ചോറ്റുപാറ കൈത്തോടും കരകവിഞ്ഞൊഴുകി. വണ്ടിപ്പെരിയാർ ടൗണിലെ നല്ലതമ്പി കോളനി, ചതമ്പൽ ലയം, നെല്ലിമല ജങ്‌ഷൻ, ചുരക്കുളം ആശുപത്രിക്ക് സമീപം കക്കികവല തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്ന ആളുകളുടെ വീടുകളിൽ വെള്ളം കയറി. പഞ്ചായത്ത് ദുരിതാശ്വാസ ക്യാമ്പിന്റെ പ്രവർത്തനവും ആരംഭിച്ചു. റോഡിൽ വെള്ളം കയറിയത് മണിക്കൂറുകളോളം ഗതാഗതതടസ്സവും സൃഷ്ടിച്ചു. ഗവ.യു.പി.സ്കൂൾ, കമ്മ്യൂണിറ്റി ഹാൾ, നെല്ലിമല മുതൽ വണ്ടിപ്പെരിയാർ വരെയുള്ള ഭാഗത്തെ ആളുകൾക്ക് സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പ് സജ്ജമാക്കി. വൈകീട്ടോടെ കുമളി, വണ്ടിപ്പെരിയാർ മേഖലയിൽ മഴയ്ക്ക് ശമനമായിയെങ്കിലും, രാത്രി മഴ ശക്തമാകുമോ എന്ന ഭീതിയിലാണ് പ്രദേശവാസികൾ.

അഴുതയാർ കരകവിഞ്ഞു

പീരുമേട് : ശനിയാഴ്ച രാവിലെമുതൽ തുടങ്ങിയ ശക്തമായ മഴയിൽ അഴുതയാർ കരകവിഞ്ഞൊഴുകി. പീരുമേട് റിവർവ്യു ലൈനിലെ മുപ്പത്തിരണ്ടുവീടുകൾ വെള്ളത്തിലായി. വീടുകൾക്കുള്ളിൽ നാല് മീറ്റർ പൊക്കത്തിലാണ് വെള്ളം ഒഴുകിയെത്തിയത്. മണിക്കൂറുകളോളം മലവെള്ളം വീടുകൾക്കുള്ളിലൂടെ നിറഞ്ഞൊഴുകി. ആളുകൾ അടുത്തുള്ള വീടുകളിലും രണ്ടാം നിലയിലും കയറിയണ് രക്ഷപ്പെട്ടത്. വീട്ടുപകരണങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും നശിക്കുകയും ഒഴുക്കിൽപ്പെടുകയും ചെയ്തു. പ്രദേശത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ എല്ലാംതന്നെ വെള്ളത്തിൽ മുങ്ങി. ലക്ഷങ്ങളുടെ നഷ്ടമാണ് ഇത്തവണയും ഉണ്ടായത്.

അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേർന്നാണ്‌ രക്ഷാപ്രവർത്തനം നടത്തിയത്. കഴിഞ്ഞ രണ്ടുപ്രളയകാലത്തും ഇവിടെ വെള്ളം കയറിയിരുന്നു. ശാസത്രീയ പഠനങ്ങൾക്കും ഉദ്യോഗസ്ഥതല വിലയിരുത്തലുകൾക്കുംശേഷം പഴയ പാലത്തിനുസമീപം പണിതിരുന്ന ചെക്ക്ഡാമാണ് വെള്ളപ്പൊക്കത്തിന് കാരണമെന്നാണ് കണ്ടെത്തിയത്. അഴുത ബ്ലോക്ക് പഞ്ചായത്ത് മാസങ്ങൾക്ക് മുൻപ് ചെക്ക്ഡാം പൊളിച്ചുമാറ്റിയിരുന്നു. എന്നാൽ, ചെക്ക്ഡാം പൊളിച്ചുനീക്കിയിട്ടും റിവർവ്യൂലൈനിലെ വെള്ളപ്പൊക്കം ഒഴിവാക്കാൻ കഴിഞ്ഞിട്ടില്ല.