മൂന്നാർ : ഇടമലക്കുടി, ചട്ടമൂന്നാർ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ അനുവദിക്കപ്പെട്ട തസ്തികകളിൽ നിയമനം നടത്തുന്ന മുറയ്ക്ക് പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടി പഞ്ചായത്തിലും മൂന്നാർ പഞ്ചായത്തിലെ ചട്ടമൂന്നാറിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എ.രാജ എം.എൽ.എ. ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

2019-ൽ ഇടമലക്കുടിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടനിർമാണം പൂർത്തിയായി. 2020-ൽ ജീവനക്കാരുടെ ക്വാർട്ടേഴ്സിന്റെ പണി പൂർത്തിയാക്കി. അനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്നതിനും ഉപകരണങ്ങൾ വാങ്ങുന്നതിനും 15 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു.

ഇടമലക്കുടിയിലെ ജനങ്ങൾ ദേവികുളം, അടിമാലി എന്നിവടങ്ങളിലെ സാമൂഹികാരോഗ്യകേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്. മഴക്കാലത്ത് വാഹനങ്ങളിലെ യാത്ര ദുഷ്കരമാണ്. ഈ സാഹചര്യത്തിൽ ബന്ധപ്പെട്ട തസ്തികകളിൽ ജീവനക്കാരെ നിയമിച്ച് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിക്കണമെന്ന് എ. രാജ എം.എൽ.എ. സബ്മിഷനിലൂടെ ഉന്നയിച്ചിരുന്നു. 2013-ലാണ് ഇടമലക്കുടിയിലും ചട്ടമൂന്നാറിലും കേന്ദ്രങ്ങൾ അനുവദിച്ച് ഉത്തരവ് ഇറക്കിയത്. എന്നാൽ, സ്ഥലവും കെട്ടിടവും ഇല്ലാതിരുന്നതിനാൽ നീണ്ടുപോകുകയായിരുന്നു. എന്നാൽ, ഇപ്പോൾ രണ്ടിടത്തും കെട്ടിടങ്ങൾ നിർമിച്ചിട്ടുണ്ട്. രണ്ട് സെന്ററുകളിലേക്കും സുഗമമായ വാഹന ഗതാഗതം സാധ്യമാണെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ അറിയിച്ചിട്ടുണ്ട്. ഒരു പഞ്ചായത്തിൽ ഒരു പ്രാഥമികാരോഗ്യകേന്ദ്രം എന്ന നയം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. എട്ട്‌ തസ്തികകളിൽ ഉടൻ നിയമനം നടത്തി രണ്ട് കേന്ദ്രങ്ങളുടെയും പ്രവർത്തനം ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു.