മൂന്നാർ : പൂജാ അവധി ആഘോഷങ്ങൾക്കായി മൂന്നാറിൽ വിനോദ സഞ്ചാരികളുടെ വൻ തിരക്ക്. എന്നാൽ പെട്ടെന്നുണ്ടായ കനത്ത മഴ മൂലം ഭൂരിഭാഗം പേരും ശനിയാഴ്ച ഉച്ചയോടെ മടങ്ങി. കഴിഞ്ഞ മൂന്നുദിവസമായാണ് പൂജാ അവധി പ്രമാണിച്ച് മൂന്നാറിൽ വിനോദ സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെട്ടത്.

മൂന്നു ദിവസമായി എങ്ങും മുറികൾ കിട്ടാനില്ലായിരുന്നു. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ രാജമല, മാട്ടുപ്പെട്ടി, കുണ്ടള, ടോപ് സ്റ്റേഷൻ, റോസ്ഗാർഡൻ എന്നിവടങ്ങളിൽ വൻ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്. രാജമലയിൽ വെള്ളിയാഴ്ച 3032 പേരും ശനിയാഴ്ച ഉച്ചവരെ 2100 പേരും സന്ദർശിച്ചു.

മാട്ടുപ്പെട്ടിയിൽ വെള്ളിയാഴ്ച 1960 പേരും ശനിയാഴ്ച 11-മണി വരെ 300 പേരും ബോട്ടിങ് നടത്തി.

സഞ്ചാരികളുടെ തിരക്ക് വർധിച്ചതിനെ തുടർന്ന് മിക്ക പ്രദേശങ്ങളിലും വലിയ ഗതാഗത കുരുക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്. തിരക്ക് തുടരുന്നതിനിടയിലാണ് ശനിയാഴ്ച പെട്ടെന്ന് കാലാവസ്ഥാ മാറ്റമുണ്ടായതും കനത്ത മഴ പെയ്തതും.

മഴയെ തുടർന്ന് മാട്ടുപ്പെട്ടി, കുണ്ടള എന്നിവടങ്ങളിലെ ബോട്ടിങ്ങുകൾ ഉച്ചയോടെ സബ്ബ് കളക്ടർ നിർത്തിവെപ്പിച്ചു. കൊളുക്കുമല ട്രക്കിങ്ങും ഉച്ചമുതൽ നിർത്തിവെപ്പിച്ചു. മേഖലയിൽ കനത്ത മഴ തുടരുന്നു സാഹചര്യത്തിൽ അപകടഭീഷണി നിലനിൽക്കുന്ന ദേവികുളം ഗ്യാപ് റോഡ് വഴിയുള്ള ഗതാഗതവും ശനിയാഴ്ച ഉച്ചമുതൽ നിരോധിച്ചു.