മൂന്നാർ : വിവിധ സംഭവങ്ങളിൽ ആരോപണവിധേയനായ ഡി.വൈ.എഫ്.ഐ. നേതാവിനെ സംഘടനയിൽനിന്ന്‌ പുറത്താക്കി. ഡി.വൈ.എഫ്.ഐ. മുൻ മൂന്നാർ ബ്ലോക്ക് സെക്രട്ടറിയും ജില്ലാ കമ്മിറ്റിയംഗവുമായ ജെ.പ്രവീൺ കുമാറിനെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി പുറത്താക്കിയത്‌.

കഴിഞ്ഞ ദിവസം സി.പി.എം. ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രൻ പങ്കെടുത്ത ഡി.വൈ.എഫ്.ഐ. ജില്ലാക്കമ്മിറ്റിയാണ് തീരുമാനം എടുത്തത്. തുടർച്ചയായി സംഘടനയ്ക്ക് അപമാനമുണ്ടാക്കിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ഇയാളെ മൂന്നാർ ബ്ലോക്ക് സെക്രട്ടറി സ്ഥാനത്തുനിന്ന് രണ്ടുമാസം മുൻപ് നീക്കംചെയ്തിരുന്നു. ഡി.വൈ.എഫ്.ഐ. ദേവികുളം ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഇയാൾ അതിരാവിലെ വാക്സിൻ ചലഞ്ചിലേക്ക് എന്ന പേരിൽ ദേശീയപാതയിൽനിന്ന്‌ ടൺ കണക്കിന് ഇരുമ്പ്‌ സാമഗ്രികൾ മണ്ണുമാന്തിയന്ത്രമുപയോഗിച്ച് ലോറിയിൽ കടത്താൻ ശ്രമിച്ചത് നാട്ടുകാർ തടഞ്ഞത് വൻ വിവാദമായി. പാർട്ടി ഇടപെട്ട് ഇയാളെ അന്ന് കേസിൽനിന്നൊഴിവാക്കിയിരുന്നു. പിന്നീട് ഒരുമാസം മുൻപ് ഇയാളുടേതെന്ന് കരുതുന്ന മോർഫ് ചെയ്തെന്ന പേരിലുള്ള നഗ്നവീഡിയോ സമൂഹമാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിച്ചിരുന്നു.