തൊടുപുഴ: ഉള്ളതിൽ പാതി മറ്റുള്ളവർക്ക് കൊടുക്കണമെന്നാണ് ദൈവവചനമെങ്കിൽ ഒരുപടികൂടി കടന്ന് തനിക്കുള്ളതിനെ മുഴുവനായി നൽകിയിരിക്കുകയാണ് ഇടുക്കിക്കാരിയായ ബിസ്മിമോൾ. കാൻസർ രോഗികളുടെ പുഞ്ചിരിക്കായി, പാതിയായിട്ടല്ല മറിച്ച് തന്റെ മുടി മുഴുവനായിതന്നെ മുറിച്ചുനൽകി ഈ ബിരുദ വിദ്യാർഥിനി.
കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗ് നിർമിച്ചുകൊടുക്കുന്ന മിറക്കിൾ, എക്‌സ്പറ്റേഷൻ വാക്കേഴ്‌സ് എന്നീ സംഘടനകളുടെ നേതൃത്വത്തിലുള്ള പദ്ധതിയിലാണ് ബിസ്മിയും ഭാഗമായത്.
കോട്ടയം സി.എം.എസ്. കോളേജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിനിയായ തങ്കമണി പാണ്ടിപ്പാറ സ്വദേശിനി ബിസ്മി ഇതേപ്പറ്റി നാഷണൽ സർവീസ് സ്‌കീമിലൂടെയാണ് അറിഞ്ഞത്. ഒരാളുടെയെങ്കിലും പുഞ്ചിരിക്ക് കാരണമാകട്ടെ എന്ന് മനസ്സിൽ കരുതി തന്റെ മുടി മുഴുവനായും മുറിച്ചുനൽകാനുള്ള തീരുമാനം എൻ.എസ്.എസ്. വഴി സംഘടനയെ അറിയിച്ചു.
തീരുമാനം കേട്ടപ്പോൾ വീട്ടുകാർക്കും സുഹൃത്തുക്കൾക്കുമെല്ലാം സന്തോഷം. കോവിഡ് കാലമായതിനാൽ കോട്ടയത്തേക്ക് പോകാനായില്ല.
എങ്കിലും ബാർബർ ഷോപ്പിൽ പോയി മുടിമുറിച്ച് അത് കൂറിയറായി സംഘടനയ്ക്ക് അയച്ചുകൊടുത്തു. മുടിയില്ലാതെ കുറച്ചുകാലം ജീവിക്കേണ്ടിവരുന്നതിൽ സങ്കടമൊന്നുമില്ലെന്നും മറിച്ച് അഭിമാനമാണെന്നും ബിസ്മി പറയുന്നു. തന്നെ പിന്തുടർന്ന് ഒട്ടേറെപ്പേർ എത്തണമെന്ന ആഗ്രഹവും ഈ മിടുക്കിക്കുണ്ട്. ഇടയ്ക്ക് കോളേജിൽ പരീക്ഷയ്ക്കായി ചെന്നപ്പോൾ കൈയടിച്ചാണ് കൂട്ടുകാരികൾ ബിസ്മിയെ എതിരേറ്റത്. കാനത്തിൽ വീട്ടിൽ ബിനോയിയുടെയും സുജയുടെയും മകളാണ്. വിഷ്ണു, രശ്മി എന്നിവരാണ് സഹോദരങ്ങൾ.