ഉപ്പുതറ : കായികവിനോദത്തിന് ചിറകുമുളപ്പിച്ച് അയ്യപ്പൻകോവിലിൽ കയാക്കിങ് ഫെസ്റ്റിന് തുടക്കമായി. ഇടുക്കി ജലാശയത്തിന്റെ വിദൂര ദൃശ്യഭംഗി നുകർന്ന് അനവധി കായിക വിനോദസഞ്ചാരികളാണ് കയാക്കിങ്ങിന്റെ ഭാഗമായത്. ടൂറിസം വികസനത്തിന്റെ അനന്ത സാധ്യതകളാണ് ഇതോടെ അയ്യപ്പൻകോവിലിൽ സാധ്യമാകുന്നത്. ഇടുക്കി ജലാശയത്തിനു കുറുകെയുള്ള കേരളത്തിലെ ഏറ്റവും നീളംകൂടിയ തൂക്കുപാലം അയ്യപ്പൻ കോവിലിലാണ്. തൂക്കുപാലത്തിൽ കയറാനും, ജലാശയത്തിന്റെ ഭൂരക്കാഴ്ച ആസ്വദിക്കാനും നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ഇവിടെയെത്തുന്നത്.

ഇതുകൂടി കണക്കിലെടുത്താണ് അയ്യപ്പൻകോവിലിൽ കയാക്കിങ് ഫെസ്റ്റ് സംഘടിപ്പിച്ചത്. കയാക്കിങ് അടക്കമുള്ള വിനോദസഞ്ചാര പദ്ധതികൾ തുടർന്നും നടക്കും. ജില്ലാ ഭരണകൂടം, ഡി.ടി.പി.സി, അയ്യപ്പൻകോവിൽ-കാഞ്ചിയാർ പഞ്ചായത്തുകൾ, വനം-വന്യജീവി, വൈദ്യതി വകുപ്പുകൾ സംയുക്തമായാണ് ഫെസ്റ്റ് നടത്തുന്നത്. വയനാട് വൈറ്റൽ ഗ്രീൻസ് ഇന്റഗ്രേറ്റഡ് സർവീസസ് ആണ് ഇതിനുള്ള സാങ്കേതിക സൗകര്യങ്ങൾ ഒരുക്കിയത്.

ഞായറാഴ്ച വൈകീട്ട് ഫെസ്റ്റ് അവസാനിക്കും. അഡ്വഞ്ചർ ടൂറിസം രംഗത്ത് അന്തർദേശീയ ശ്രദ്ധനേടാൻ കഴിയുന്ന വിനോദമാണ് കയാക്കിങ്. ഒറ്റയ്ക്കും രണ്ടാൾ വീതവും സാഹസിക യാത്രചെയ്യാൻ കഴിയുന്ന കയാക്കുകളാണ് അയ്യപ്പൻ കോവിലിൽ സജ്ജീകരിച്ചിരിക്കുന്നത്. കയാക്കിങ്ങിന് ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളും സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്. ഒരാൾക്ക് ഒരു മണിക്കൂർ നേരം കയാക്കിങ് വിനോദത്തിൽ പങ്കെടുക്കാൻ 100 രൂപയാണ് തുക ഈടാക്കുന്നത്.