അടിമാലി : മേഖലയിൽ രണ്ട് അപകടങ്ങൾ. രണ്ട് പേർക്ക് പരിക്ക്.കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ ചീയപ്പാറയ്ക്ക് സമീപം ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീ പിടിച്ചു. അടിമാലി-കുമളി ദേശീയപാതയിൽ കാർ തോട്ടിലേക്ക് മറിഞ്ഞു. കാറിൽ ഉണ്ടായിരുന്ന രണ്ട് പേർക്കാണ് പരിക്കേറ്റത്.

വെള്ളിയാഴ്ച പുലർച്ചെ മൂന്നു മണിയോടെയായിരുന്നു ലോറിക്ക് തീ പിടിച്ചത്. ലോഡുമായി അടിമാലി ഭാഗത്തേക്ക് വരുകയായിരുന്ന വാഹനത്തിൽ ഡ്രൈവർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. വാഹനത്തിൽനിന്നു പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഡ്രൈവർ ലോറി പാതയോരത്തേക്ക് ഒതുക്കി നിർത്തി. തുടർന്ന് അടിമാലി അഗ്നിരക്ഷാസേന യൂണിറ്റിനെ വിവരം അറിയിച്ചു. അഗ്നിരക്ഷാസേനാംഗങ്ങൾ എത്തി ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ വാഹനത്തിലെ തീയണച്ചു. ലോറി ഭാഗികമായി കത്തി നശിച്ചു.വാഹനത്തിന്റെ ഇടതുഭാഗത്തെ ചക്രത്തിലും മുൻഭാഗത്തുമാണ് കൂടുതലായി തീപടർന്നത്. ഡ്രൈവർ സമയോചിതമായി വാഹനം നിർത്തിയതിനാൽ ഗതാഗതക്കുരുക്കും കൂടുതൽ അപകടവും ഒഴിവായി. അടിമാലി അഗ്നിരക്ഷായൂണിറ്റിലെ സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ ഷാജിമോന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേനാംഗങ്ങളാണ് തീയണയ്ക്കുവാനായി എത്തിയത്.

അടിമാലി-കുമളി ദേശീയപാതയിൽ പൊളിഞ്ഞപാലത്ത് കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം സംഭവിച്ചു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.

വാഹനത്തിൽ ഉണ്ടായിരുന്നവർ വലിയ പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടു. അടിമാലി സ്വദേശികളായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.