കുമളി : കായലോര മേഖലകളിൽ നടപ്പിലാക്കുന്ന റോഡ് നിർമാണം കുമളി അട്ടപ്പള്ളത്ത് നടപ്പിലാക്കാനൊരുങ്ങി പൊതുമരാമത്ത് വകുപ്പ്. വയലുകൾക്ക് നടുവിലൂടെ പോകുന്ന റോഡായതിനാൽ മണ്ണിന് ഉറപ്പില്ലാത്തതിനാലാണ് ഉദ്യോഗസ്ഥർ കായലോര ജില്ലയായ ആലപ്പുഴ റോഡ് നിർമാണത്തിന് ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ഇവിടെയും പരീക്ഷിക്കുന്നത്. നിലവിലെ റോഡ് കുത്തിയിളക്കി നീറ്റ്കക്ക കൂട്ടി ഇളക്കി ഉപയോഗിച്ചാണ് നിർമാണം പുരോഗമിക്കുന്നത്.

പതിറ്റാണ്ടുകൾ മുമ്പ് നിർമിച്ച റോഡ് ഒറ്റ മഴ പെയ്താൽ ചെളിക്കുണ്ടാകുകയും കാൽനടപോലും ദുഷ്‌കരമാകുകയും ചെയ്യും. കൂടാതെ പലയിടങ്ങളിലും റോഡ് താഴ്ന്നുകിടക്കുന്നതിനാൽ ചെറിയമഴ പെയ്താൽപോലും റോഡ് തോടായി മാറുന്ന സ്ഥിതിയുണ്ട്.

റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നൽകിയ നിരന്തരമായ പരാതികളുടെ അടിസ്ഥാനത്തിൽ 4.5-കോടി രൂപ ചെലവിൽ മൂന്നു കിലോമീറ്റർ റോഡ് നിർമിക്കാൻ തീരുമാനിച്ചിക്കുകയായിരുന്നു.

പൊതുമരാമത്ത് അധികൃതരുടെ പരിശോധനയിൽ റോഡിലെ മണ്ണ് പശ രൂപത്തിലാണെന്ന് കണ്ടെത്തിയിരുന്നു. ഇക്കാരണത്താലാണ് റോഡിന് ഉറപ്പ് കിട്ടുന്നതിനൊപ്പം ദീർഘകാലം തകരാതെ കിടക്കാൻ നീറ്റുകക്ക ഉപയോഗിച്ച് റോഡ് നിർമിക്കുവാൻ നടപടികൾ സ്വീകരിച്ചത്. ഇതാദ്യമാണ് ഹൈറേഞ്ച് മേഖലയിൽ റോഡിൽ നീറ്റ്കക്ക ഉപയോഗിച്ചുള്ള റോഡ് നിർമാണം നടക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു വർഷത്തിലധികമായി റോഡ് നിർമാണം ഇഴഞ്ഞുനീങ്ങുന്നതിനെ തുടർന്ന് വിവിധ രാഷ്ട്രീയപാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. റോഡ് നിർമാണം ആരംഭിച്ചതോടെ നാട്ടുകാരുടെ ഏറെനാളത്തെ പ്രശ്‌നത്തിനാണ് പരിഹാരമാകുന്നത്.