മുള്ളരിങ്ങാട് : വെള്ളക്കയം-തലക്കോട് റോഡിൽ ദുരിതയാത്ര. റോഡ്‌ തകർന്നുകിടക്കാൻ തുടങ്ങിയിട്ട് ഒരുവർഷത്തിലേറെയായി. നാട്ടുകാർ ഇക്കാര്യം പൊതുമരാമത്തുവകുപ്പിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടും യാതൊരു പരിഹാരവുമില്ല.

വെള്ളക്കയം മുതൽ ഇല്ലിപ്ലാന്റേഷൻ വരെയുള്ളഭാഗമാണ് പൂർണമായും തകർന്നിരിക്കുന്നത്. ഈഭാഗം തൊടുപുഴ മണ്ഡലത്തിലുൾപ്പെടുന്ന ഭാഗമാണ്. ചേലച്ചുവട് നിന്നും കോതമംഗലം ഭാഗത്തേയ്ക്കുള്ള ഏറ്റവും കുറഞ്ഞദൂരവും ഇതാണ് അതിനാൽ ദിവസവും നൂറുകണക്കിനു യാത്രക്കാരാണ് ഇതുവഴി യാത്ര ചെയ്യുന്നത്.

ബസ് സർവീസുകൾ നിർത്താനുള്ള തീരുമാനത്തിലാണ ഉടമകൾ. വിദ്യാർഥികളും രോഗികളും ഉൾപ്പെടെ ഇതുവഴി യാത്ര ചെയ്യേണ്ട നൂറുകണക്കിന്‌ യാത്രക്കാരാണ് യാത്രാദുരിതം മൂലം കഷ്ടപ്പെടുന്നത്.

ഇടുക്കിജില്ലയിലൂടെ കടന്നുപോകുന്നത് 6.6-കിലോമീറ്റർ റോഡാണെന്നും ഇതിൽ മൂന്നുകിലോമീറ്റർ റോഡിന് 25-ലക്ഷം അനുവദിച്ചിട്ടുണ്ട്.

എന്നാൽ, കരാറുകാരൻ പണിനടത്താൻ തയ്യാറാകാത്തതിനെ തുടർന്ന് കരാറൊഴിവാക്കാൻ നോട്ടീസ് നൽകിയിരിക്കുകയാണ്. പുതിയ ടെൻഡർ വിളിച്ച് പണി ഉടൻതുടങ്ങും അവശേഷിക്കുന്ന 3.6-കിലോമീറ്റർ ദൂരത്തിന്റെ പണിക്കാവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിന് നൽകിയിട്ടുണ്ടെന്നും പൊതുമരാമത്ത് അസി. എക്സിക്യുട്ടീവ് എൻജിനീയർ പറഞ്ഞു.