നെടുങ്കണ്ടം : കോവിഡിന്റെ ഒന്നും രണ്ടും തരംഗങ്ങളിൽ സ്വന്തം ജീവൻപോലും പണയംവെച്ച് മുന്നണി പോരാളിയായി പ്രവർത്തിച്ച ആംബുലൻസ് ഡ്രൈവർ എം.എസ്.സുമേഷിന്റെ വേർപാടിന്റെ ഞെട്ടലിലാണ് നെടുങ്കണ്ടത്തെ സുഹൃത്തുക്കളും സഹപ്രവർത്തകരും.

കോവിഡ് അതിരൂക്ഷമായ സാഹചര്യത്തിൽ പലരും വീടുവിട്ട് ഇറങ്ങാൻ ഭയന്നിരുന്ന കാലത്ത് രോഗബാധിതരായ സാധാരണക്കാർക്ക് കൈത്താങ്ങേകിയ ചുരുക്കം ചിലരിൽ ഒരാളായിരുന്നു സുമേഷ്.

കോവിഡിന്റെ തുടക്കകാലത്ത് രോഗം ബാധിച്ചുവെന്നറിഞ്ഞാൽ ആ വീടിന്റെ പരിസരത്തുപോലും ആളുകൾ എത്തുമായിരുന്നില്ല. ആ സമയത്ത് ആംബുലൻസുമായോ അല്ലെങ്കിൽ സ്വന്തം വാഹനത്തിലോ സഹായഹസ്തുവുമായി സുമേഷ് എത്തിയിരുന്നു. കോവിഡ് ബാധിതർക്കുള്ള ഭക്ഷണം, മരുന്ന്, നിത്യോപയോഗ സാധനങ്ങളുമായി വിളിപ്പുറത്തുണ്ടായിരുന്ന ഈ യുവാവിന്റെ വിയോഗം നാടിനെയാകെ ദുഃഖത്തിലാഴ്ത്തി.

വർഷങ്ങളായി മോട്ടോർ ടാക്‌സി തൊഴിലാളി രംഗത്തു പ്രവർത്തിക്കുന്ന ഇദ്ദേഹം ഐ.എൻ.റ്റി.യു.സി. നേതാവായിരുന്നുവെങ്കിലും കക്ഷിരാഷ്ട്രീയ ഭേദമന്യേ വലിയ സുഹൃത്ത് ബന്ധം സൂക്ഷിച്ചിരുന്നു.

മരണവിവരം അറിഞ്ഞപ്പോൾ മുതൽ ഒഴുകിയെത്തിയ ജനസാഗരം അതിന്റെ നേർസാക്ഷ്യമായി. സ്വന്തം കുടംബാംഗങ്ങൾക്ക് കോവിഡ് ബാധിച്ചപ്പോൾ പോലും അവർക്കരികിലെത്താതെ മറ്റുള്ളവരെ സഹായിക്കാൻ സന്മനസ്സുകാട്ടിയ പൊതുപ്രവർത്തകനായിരുന്നു സുമേഷ്.

അപകടം ഉണ്ടാവുന്നതിന്റെ ദിവസങ്ങൾക്കുമുമ്പ് മരണമടഞ്ഞ അതിഥി തൊഴിലാളിയുടെ മൃതദേഹവുമായി മധ്യപ്രദേശിലേക്ക് പോയതും അദ്ദേഹത്തിന്റെ സഹജീവികളോടുള്ള കരുതലിന്റെ ഉദാഹരണമായിരുന്നു.

ടാക്‌സി ഡ്രൈവേഴ്‌സ് തൊഴിലാളി രംഗത്ത് സജീവമായി നിൽക്കുമ്പോഴാണ് നെടുങ്കണ്ടം അർബൻ സഹകരണ സംഘത്തിന്റ ആംബുലൻസ് ഡ്രൈവറായി ചുമതലയേൽക്കുന്നത്. മോട്ടോർത്തൊഴിലാളികളുടെ ദൈനംദിന പ്രശ്‌നങ്ങളിൽ സജീവമായി ഇടപ്പെട്ടിരുന്ന തൊഴിലാളി നേതാവായിരുന്നു. ഐ.എൻ.റ്റി.യു.സി. നെടുങ്കണ്ടം മണ്ഡലം പ്രസിഡന്റായി തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചിരുന്ന സുമേഷിന്റെ കോവിഡ് കാലത്തെ പ്രവർത്തനങ്ങൾ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

എം.എം.മണി എം.എൽ.എ. അടക്കമുള്ള രാഷ്ട്രീയ-സാമൂഹിക രംഗത്തുള്ളവർ സുമേഷിന് ആദരാഞ്ജലികൾ അർപ്പിച്ചു.

വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ രണ്ടുവർഷം മുമ്പ് ആറ്റുനോറ്റ് കിട്ടിയ മകനെ കൊതി തീരെ കാണുന്നതിന് മുമ്പേയാണ് സുമേഷിന്റെ മടക്കം. മറ്റുള്ളവർക്ക് ആശ്വാസമാകാൻ അർബൻ ബാങ്കിന്റെ ആംബുലൻസുമായി ഓടിയെത്തിയിരുന്ന സുമേഷിന്റെ അന്ത്യയാത്രയും അതേ ആംബുലൻസിൽ തന്നെയായിരുന്നു.