മുട്ടം : എം.വി.ഐ.പി. ഓഫീസിന് സമീപത്തുള്ള വൈദ്യുതിത്തൂണിന്റെ അപകടാവസ്ഥ ഭീഷണിയാകുന്നു. അജ്ഞാത വാഹനം ഇടിച്ചതിനെ തുടർന്നാണ് വൈദ്യുതിത്തൂണിന്റെ ചുവട് വട്ടം ഒടിഞ്ഞത്. സ്റ്റേക്കമ്പിയും പൊട്ടിപ്പോയി.

ഇടിയുടെ അഘാതത്തിൽ അര മീറ്ററോളം ദൂരത്തിൽ നിരങ്ങിമാറിയാണ് തൂൺ ഇപ്പോഴുള്ളത്. മുകളിലുള്ള വൈദ്യുതിക്കമ്പിയിൽ തട്ടി നിൽക്കുന്നതിനാലാണ് നിലംപൊത്താത്തത്. വൈദ്യുതിക്കമ്പി പൊട്ടിയാൽ തൂൺ റോഡിലേക്ക് മറിഞ്ഞുവീണ് വൻ അപകടമുണ്ടാകാൻ സാധ്യതയേറെയാണ്.

കെ.എസ്‌.ഇ.ബി. ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും അപകടാവസ്ഥ പരിഹരിക്കാൻ ശ്രമമുണ്ടായിട്ടില്ല. അനേകം വാഹനങ്ങൾ കടന്നുപോകുന്ന തൊടുപുഴ-മുട്ടം സംസ്ഥാന പാതയോരത്താണ് വൈദ്യുതിത്തൂൺ പേടിപ്പെടുത്തുന്നത്.