മൂന്നാർ : വട്ടവടയിൽ പോലീസ് എയ്ഡ്പോസ്റ്റ് അനുവദിച്ച് സർക്കാർ ഉത്തരവായി. ഒരു എ.എസ്.ഐ.യെയും, നാല് സി.പി.ഒ.മാരെയുമാണ് പുതിയ എയ്ഡ് പോസ്റ്റിലേക്ക് നിയമിച്ചിരിക്കുന്നത്.

നിലവിൽ 70-കിലോമീറ്റർ അകലെയുള്ള ദേവികുളം സ്റ്റേഷന് കീഴിലാണ് വട്ടവട. ഏതെങ്കിലും വിധത്തിലുള്ള ക്രമസമാധാന പ്രശ്നങ്ങളുണ്ടായാൽ ഇത്രയധികംദൂരം മണിക്കൂറുകൾ സഞ്ചരിച്ചാണ് പോലീസ് വട്ടവട പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിയിരുന്നത്. ഇത് പലപ്പോഴും പ്രതികളെ പിടികൂടുന്നതിനും സംഘർഷങ്ങൾ നിയന്ത്രിക്കുന്നതിനും കഴിയാത്ത അവസ്ഥയായിരുന്നു. മൂന്നുവർഷം മുൻപ് അന്നത്തെ വൈദ്യുതിമന്ത്രിയായിരുന്ന എം.എം.മണി എം.എൽ.എ. വട്ടവടയിൽ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന് പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഇദ്ദേഹം സർക്കാറിന് നൽകിയ അപേക്ഷയിലാണ് മൂന്നുവർഷത്തിനുശേഷം നടപടിയുണ്ടായത്. കൊട്ടാക്കമ്പൂർ റോഡിലുള്ള പഞ്ചായത്തിന്റെ അമിനിറ്റി സെന്റെറിലായിരിക്കും എയ്ഡ് പോസ്റ്റ് പ്രവർത്തിക്കുക.