ഇരട്ടയാർ : ഹരിതകേരളം സമഗ്ര മാലിന്യ പരിപാലന കലണ്ടർ പ്രവർത്തനങ്ങളുടെ ഭാഗമായി ഇരട്ടയാർ പഞ്ചായത്തിൽനിന്ന്‌ ശാസ്ത്രീയ സംസ്‌കരണത്തിനായി ശേഖരിച്ചത് മൂന്ന് ടൺ ചെരിപ്പും ബാഗും.

പഞ്ചായത്തിലെ ഹരിതകർമസേനാംഗങ്ങൾ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ജൂലായ്‌ലാണ് ചെരിപ്പുകളും ബാഗുകളും ശേഖരിച്ചത്. ശേഖരിച്ച മാലിന്യം പഞ്ചായത്ത് ശാസ്ത്രീയ സംസ്‌കരണത്തിനായി ക്ലീൻ കേരള കമ്പനിക്ക് (സി.കെ.സി.) കൈമാറി. കിലോഗ്രാമിന് 10 രൂപാ വീതം സി.കെ.സി.ക്ക്‌ നൽകിയാണ് പഞ്ചായത്ത് ഇവ നീക്കം ചെയ്തത്.

മാലിന്യസംസ്‌കരണത്തിന് ഹരിതകേരളം കലണ്ടർ

കലണ്ടർ പ്രകാരം പേപ്പർ, പ്ലാസ്റ്റിക്, പ്ലാസ്റ്റിക് കവറുകൾ എന്നിവ എല്ലാ മാസവും ഹരിതകർമസേന ശേഖരിക്കണം. ചെരിപ്പ്, ബാഗ് എന്നിവ ജനുവരി-ഏപ്രിൽ-ജൂലായ്‌-ഒക്ടോബർ എന്നിങ്ങനെ നാലു മാസങ്ങളിലും കണ്ണാടി, കുപ്പി, ചില്ലുമാലിന്യങ്ങൾ എന്നിവ ഫെബ്രുവരി, േമയ്, ഓഗസ്റ്റ്, നവംബർ മാസങ്ങളിലും ശേഖരിച്ച് നീക്കം ചെയ്യും.

ഇ മാലിന്യങ്ങൾ(ട്യൂബ് ലൈറ്റ്, സി.എഫ്.എൽ., ബാറ്ററിയുൾപ്പെടെ) മാർച്ച്, ജൂൺ, ഡിസംബർ മാസങ്ങളിലും മരുന്ന് സ്ട്രിപ്പുകൾ ജനുവരി, മാർച്ച്, ജൂൺ, സെപ്റ്റംബർ, ഡിസംബർ മാസങ്ങളിലും തുണിമാലിന്യങ്ങൾ ഏപ്രിൽ, സെപ്റ്റംബർ മാസങ്ങളിലും ശേഖരിച്ച്‌ ക്ലീൻ കേരള കമ്പനിക്ക് കൈമാറാനാണ് പദ്ധതി നിർദേശിക്കുന്നത്.

എന്നാൽ, ശേഖരിച്ച ചെരിപ്പുകളും ബാഗുകളും കൊണ്ടുപോകുന്നതിലുണ്ടായ താമസംമൂലം കഴിഞ്ഞ മാസം ചില്ല് ശേഖരണം പൂർത്തിയാക്കാനായില്ല.

ഓരോ വാർഡിലും രണ്ട് പോയിന്റുകൾ നിശ്ചയിച്ച് വീടുകളിൽനിന്ന്‌ കുപ്പിച്ചില്ലുകളും ഗ്ലാസുകളുമെല്ലാം ശേഖരിക്കുമെന്ന് പ്രസിഡന്റ് ജിൻസൺ വർക്കി പറഞ്ഞു.