മറയൂർ : കാട്ടാന ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ട മറയൂർ പഞ്ചായത്തിലെ ബാബുനഗർ മേഖലയിൽ ഒന്നരക്കൊമ്പൻ ജനത്തെ ഭീതിയിലാഴ്ത്തുന്നു. അഞ്ഞൂറിലധികം വീടുകൾ അടുത്തടുത്തുള്ള ബാബുനഗർ, രാജീവ്നഗർ, ഇന്ദിരനഗർ മേഖലയിലാണ് ഒറ്റയാൻ സന്ധ്യയാകുന്നതോടുകൂടി ചിന്നാർ വനമേഖലയിൽനിന്നുമെത്തുന്നത്.

കോളനിയിലെ വീടുകൾക്കിടയിലൂടെയുള്ള പാതയിലെത്തുന്ന ആന പ്ളാവിലെ ചക്കകൾ തിന്ന് പുലർച്ചെയോടുകൂടിയാണ് വനത്തിലേക്ക് മടങ്ങുന്നത്. രാത്രി ആർക്കും വീട്ടിൽ നിന്നിറങ്ങാനോ പുറത്തുനിന്ന് ആർക്കും കോളനികളിലേക്ക് വരാനോ കഴിയാത്ത സാഹചര്യമാണുള്ളത്. മറ്റ് ആനക്കൂട്ടങ്ങളും ഈ മേഖലയിൽ എത്തി വ്യാപകമായി കൃഷി നശിപ്പിക്കാറുണ്ട്.