നെടുങ്കണ്ടം : ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ തേക്കടിയെയും മുന്നാറിനെയും ബന്ധിപ്പിക്കുന്നതിന് തേക്കടി-മൂന്നാർ റൂട്ടിൽ കെ.എസ്.ആർ.ടി.സി.ബസ് അനുവദിക്കണമെന്ന് ജാനാധിപത്യ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സിബി മൂലേപ്പറമ്പിൽ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ഗതാഗതമന്ത്രി ആന്റണി രാജുവിന് നിവേദനം നൽകിയതായും അദ്ദേഹം അറിയിച്ചു. കുമളിക്കും മുന്നാറിനും ഇടയ്ക്കുള്ള നെടുങ്കണ്ടം വിനോദസഞ്ചാരികളുടെ പ്രധാന ഇടത്താവളമാണ്. അതിനാൽ നെടുങ്കണ്ടത്തിന് സമീപമുള്ള രാമക്കൽമെട്ട് വഴി കുമളി-മൂന്നാർ ബസ് സർവീസ് നടത്തിയാൽ അത് മേഖലയ്ക്കാകെ ഉണർവാകും. സർവീസ് ആരംഭിച്ചാൽ സഞ്ചാരികൾ എത്തിത്തുടങ്ങുന്നതോടെ കെ.എസ്.ആർ.ടി.സി.ക്ക് മികച്ചവരുമാനവും നേടാനാവും. നിവേദനം സ്വീകരിച്ച മന്ത്രി തേക്കടി-മൂന്നാർ റൂട്ടിലെ സർവീസിനെ സംബന്ധിച്ച് പഠനം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പ് നൽകിയതായും സിബി മൂലേപ്പറമ്പിൽ പറഞ്ഞു.