അറക്കുളം : അറക്കുളം ഗ്രാമപ്പഞ്ചായത്ത് അതിർത്തിയിൽ മലങ്കര ജലാശയത്തിനരികിൽ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പണി തീർത്ത കാഞ്ഞാർ വാട്ടർ തീം പാർക്ക് നോക്കുകുത്തിയാകുന്നു.

ഭാവനയോടെ പൂർത്തിയാക്കിയാൽ, ഇടുക്കിയിലേക്കും വാഗമണ്ണിലേക്കുമൊക്കെയുള്ള സഞ്ചാരികളുടെ ഇടത്താവളമായി വളർത്താവുന്ന ഇടമാണിത്. ലക്ഷങ്ങൾ മുടക്കി നിർമിച്ചതാണ് കാഞ്ഞാർ പാർക്ക്. ഇതിപ്പോൾ കാടുകയറിയ നിലയിലാണ്. പാർക്കെന്ന പേരല്ലാതെ മറ്റൊന്നും ഇവിടെയില്ല. വർഷങ്ങൾക്ക് മുമ്പ് പൂർത്തിയാക്കിയതാണെങ്കിലും ഒരിക്കൽപ്പോലും ഇത് ജനങ്ങൾക്കായി തുറന്നുകൊടുത്തിട്ടില്ല.

പാർക്കിന്റെ ബോർഡ് കണ്ട് വാഹനമൊക്കെ നിർത്തി ഒന്നുകയറിയിട്ട് പോകാമെന്ന് തീരുമാനിച്ചാൽ നിരാശയാകും ഫലം. ഇങ്ങനെ മടങ്ങുന്ന നിരവധി പേരുണ്ട്. ഇവിടെ ഇപ്പോൾ കാണാൻ പാർക്കിന്റെ പൂട്ടിയിട്ടിരിക്കുന്ന കവാടം മാത്രമേയുള്ളു. പാർക്കിനുള്ളിൽ ഇപ്പോൾ പോത്തുകളെ മേയുന്നതിനായി വിട്ടിരിക്കുകയാണ് ആളുകൾ.

ഇടുക്കി ബ്ലോക്ക് പഞ്ചായത്ത 12 ലക്ഷം രൂപ മുടക്കിയാണ് കാഞ്ഞാർ പാർക്ക് പൂർത്തിയാക്കിയത്.

എന്നാൽ പാർക്കിൽ എത്തുന്നവർക്ക് ഇരിപ്പിടങ്ങളോ ശുചിമുറി സൗകര്യങ്ങളോ സംരക്ഷണ വേലിയോ വൈദ്യുതി വിളക്കുകളോ ഒന്നും സ്ഥാപിച്ചിട്ടില്ല. ഇവയൊക്കെ വന്നാൽ മാത്രമേ സഞ്ചാരികൾക്കും പ്രദേശവാസികൾക്കും ഉപയോഗിക്കാനാകൂ.