നെടുങ്കണ്ടം : കൽക്കെട്ട് തകർന്നിനെത്തുടർന്ന് തൂക്കുപാലം-മുണ്ടിയെരുമ റോഡിൽ പുത്തൻപറമ്പിൽപടിക്ക് സമീപം പതിറ്റാണ്ടുകൾ പഴക്കമുള്ള കലുങ്ക് അപകടാവസ്ഥയിൽ. കലുങ്കിന്റെ അടിത്തറയോട് ചേർന്നുള്ള കൽക്കെട്ടാണ് തകർന്നിരിക്കുന്നത്.

ഇതോടെ റോഡിന്റെ വശവും ഇടിഞ്ഞ് താഴാൻ തുടങ്ങി. ദിവസേന നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിലെ കലുങ്ക് അറ്റകുറ്റപ്പണികൾ നടത്തി ബലക്ഷയം പരിഹരിക്കുന്നതിന് നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തൂക്കുപാലം-മുണ്ടിയെരുമ റോഡിനോളം പഴക്കമുള്ളതാണ് പുത്തൻപറമ്പിൽപടിക്ക് സമീപമുള്ള കലുങ്ക്. റോഡിന് മറുവശത്തുള്ള ചതുപ്പ് നിറഞ്ഞ പ്രദേശത്തുനിന്ന്‌ വെള്ളം കല്ലാർ പുഴയിലേക്ക് ഒഴുക്കുന്നതിനായാണ് കലുങ്ക് നിർമിച്ചത്.

എന്നാൽ, കാലപ്പഴക്കംമൂലം നിലവിൽ കലുങ്കിന് ബലക്ഷയമുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. അടിത്തറയോട് ചേർന്നുള്ള കൽക്കെട്ട് തകർന്നതിനൊപ്പം കലുങ്കിന്റെ ഇരുവശത്തുമുള്ള റോഡിന്റെ ഭാഗങ്ങളും ഇടിഞ്ഞ് താഴ്ന്ന അവസ്ഥയിലാണ്. മഴക്കാലത്ത് റോഡിലൂടെ ഒഴുകിയെത്തുന്ന വെള്ളം കലുങ്കിന്റെ വശങ്ങളിലൂടെ ഒഴുകിയിറങ്ങിയതാണ് ഇവിടം ഇടിഞ്ഞ് താഴാൻ കാരണമായതെന്നും നാട്ടുകാർ പറയുന്നു.

മഴക്കാലത്ത് കലുങ്കിന് മുകളിൽ വെള്ളം കെട്ടിക്കിടക്കുന്നുണ്ടെന്നും നാട്ടുകാർ പറഞ്ഞു. കലുങ്കിന് മുമ്പും ശേഷവുമുള്ള റോഡിന്റെ ഭാഗം ഇറക്കപ്പുറമായതിനാൽ മഴയത്ത് വെള്ളം കലുങ്കിന് മുകളിലൂടെതന്നെയാണ് ഒഴുകുന്നത്.

റോഡ് പലതവണ അറ്റകുറ്റപ്പണികൾ നടത്തിയിട്ടുണ്ടെങ്കിലും കലുങ്കിന്റെ അറ്റകുറ്റപ്പണികളൊന്നും ഇരുവരെ നടത്തിയിട്ടില്ല. ഭാരവാഹനങ്ങളടക്കം ദിവസേന നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. അപകടാവസ്ഥയിലായ കലുങ്കിന്റെ ബലക്ഷയം അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ അപകടങ്ങൾ ഉണ്ടാവാനുള്ള സാധ്യതയും കൂടുതലാണ്.

അപകടാവസ്ഥയിലായ കലുങ്ക് പുനർനിർമിക്കാൻ പൊതുമരാമത്ത് റോഡ് വിഭാഗം അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.