നെടുങ്കണ്ടം : കരുണാപുരം പഞ്ചായത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകൾ ബുധനാഴ്ച നടക്കും. പഞ്ചായത്ത് ഹാളിൽ രാവിലെ 11-ന് പ്രസിഡന്റ് തിരഞ്ഞെടുപ്പും ഉച്ചകഴിഞ്ഞ് രണ്ടിന് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും നടക്കും. ഉടുമ്പൻചോല താലൂക്ക് സപ്ലൈ ഓഫീസറാണ് വരണാധികാരി. എൽ.ഡി.എഫ്. ഭരണസമിതിക്കെതിരേ കോൺഗ്രസ് മെമ്പർമാർ കഴിഞ്ഞമാസം അവതരിപ്പിച്ച അവിശ്വാസപ്രമേയം ബി.ഡി.ജെ.എസ്. സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെ പാസായിരുന്നു. ഇതോടെ പഞ്ചായത്തിൽ എൽ.ഡി.എഫിന് ഭരണം നഷ്ടമായി. എട്ടിനെതിരേ ഒമ്പത് വോട്ടുകൾക്കാണ് അവിശ്വാസം വിജയിച്ചത്. എൽ.ഡി.എഫ്.- യു.ഡി.എഫ്. മുന്നണികൾക്ക് തുല്യ കക്ഷിനിലയുള്ള പഞ്ചായത്തിൽ യു.ഡി.എഫിന് അനുകൂലമായി ബി.ഡി.ജെ.എസ്. സ്വതന്ത്ര അംഗമായ പി.ആർ.ബിനു വോട്ട് ചെയ്യുകയായിരുന്നു. ബുധനാഴ്ച ക്വാറം തികയാനുള്ള അംഗങ്ങളുണ്ടെങ്കിൽ തിരഞ്ഞെടുപ്പ് നടക്കും. ഇല്ലെങ്കിൽ തൊട്ടടുത്തദിവസം ഹാജരായിട്ടുള്ള അംഗങ്ങളുടെ പങ്കാളിത്തത്തോടെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം.