മറയൂർ : അഞ്ചുനാട്ടുകാരുടെ ഏറെ നാളത്തെ കാത്തിരപ്പിന് വിരാമം. മറയൂരിൽ 33 കെ.വി. സബ് സ്റ്റേഷൻ വ്യാഴാഴ്ച രാവിലെ 11-ന് വൈദ്യുതിവകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി നാടിന് സമർപ്പിക്കും. എ.രാജ എം.എൽ.എ. അധ്യക്ഷനാകും.

ചിത്തിരപുരത്തുനിന്ന്‌ 52 കിലോമീറ്റർ ദൂരം 11 കെ.വി. ലൈനിലൂടെയാണ് മറയൂർ, കാന്തല്ലൂർ മേഖലയിൽ വൈദ്യുതിയെത്തുന്നത്. മറയൂർ സെക്ഷൻ ഓഫീസിന്റെ മറയൂർ, കാന്തല്ലൂർ, വട്ടവട പഞ്ചായത്തുകളിലായി 10,800 ഉപഭോക്താക്കളാണുള്ളത്. ഇതിൽ വട്ടവട ഒഴികെ 9000 ഉപഭോക്താക്കൾക്കാണ് പുതിയ ലൈൻകൊണ്ട് ഗുണമുള്ളത്. 34.15 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. ഒട്ടും ലാഭകരമല്ലാത്തതായിട്ടും വൈദ്യുതി ബോർഡ് അധികൃതർ, മുൻമന്ത്രി എം.എം.മണി, മുൻ എം.എൽ.എ. എസ്.രാജേന്ദ്രൻ എന്നിവരുടെ മികച്ച പ്രവർത്തനങ്ങളുടെ ഫലമായാണ് പദ്ധതി സാക്ഷാത്കരിച്ചത്.